അമേരിക്കയിലെ കലിഫോര്‍ണിയ തീപിടിത്തത്തിന് കാരണം വനസുരക്ഷയിലെ പാളിച്ചയാണെന്ന് ഡോണള്‍ഡ് ട്രംപ്

കലിഫോര്‍ണിയ: കലിഫോര്‍ണിയ തീപിടിത്തത്തിന് കാരണം വനസുരക്ഷയിലെ പാളിച്ചയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കുന്നു. അമേരിക്കയില്‍ അടുത്തിടെയുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് കലിഫോര്‍ണിയ തീപിടിത്തം.ദുരന്തമേഖലകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം അതീവ ദുഃഖകരമാണെന്നും ശക്തമായ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ട്രംപ് പറഞ്ഞു. അതിനിടെ കഴിഞ്ഞ ദിവസം അഞ്ചുപേരുടെ മൃതദേഹംകൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. ഇതോടെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 76 ആയി ഉയര്‍ന്നു.

60,000 ഹെക്ടര്‍ വനഭൂമി കത്തിനശിച്ചതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. മാത്രമല്ല, അപകടത്തില്‍പ്പെട്ടിട്ടുളള1300 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ,കഴിഞ്ഞ ദിവസം മുന്നൂറോളം പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി കലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ പറഞ്ഞു. 47,200 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 1,200 പേര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. കനത്ത പുക ഉയര്‍ന്നതോടെ സാന്‍ഫ്രാന്‍സിസ്‌കോയിലെ സ്‌കൂളുകള്‍ക്ക് കഴിഞ്ഞ ദിവസം അവധി നല്‍കിയിരുന്നു.

© 2023 Live Kerala News. All Rights Reserved.