തൃപ്‌തി ദേശായിയും സംഘവും മടങ്ങി; മണ്ഡലകാലത്ത് തന്നെ തിരിച്ചു വരുമെന്ന് പ്രഖ്യാപനം

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി. 9.25ന്‍റെ എയർ ഇന്ത്യ വിമാനത്തിലാണ് തൃപ്തി ദേശായി മുബൈയിലേക്ക് മടങ്ങിയത്. പേടിച്ചിട്ടല്ല മടക്കമെന്നും ശബരിമലയിലേക്ക് ഇനിയും വരുമെന്ന് പ്രഖ്യാപിച്ചാണ് തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തിൽ നിന്നും മടങ്ങിയത്.

തൃപ്തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 12മണിക്കൂറോളം തൃപ്‌തിക്കും സംഘത്തിനും വിമാനത്താവളത്തിനുള്ളില്‍ കഴിയേണ്ടി വന്നു. തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നം ഒഴിവാക്കുന്നതിനായി പൊലീസിന്റെ നിര്‍ദേശം മാനിച്ചാണ് താന്‍ മടങ്ങുന്നതെന്ന് തൃപ്തി അറിയിച്ചു.

മടങ്ങേണ്ടി വന്നതില്‍ ദുഖമുണ്ടെന്നും ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഹോട്ടലുടമകള്‍ക്കും പ്രതിഷേദക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്നും തൃപ്തി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ശബരിമല സന്ദര്‍ശനത്തിനായി കൂടുതല്‍ സന്നാഹങ്ങളുമായി വീണ്ടും കേരളത്തിലെത്തുമെന്ന് തൃപ്തി ദേശായി പറഞ്ഞു.

ഇന്ന് രാവിലെ 4.30ഓടെ കൊച്ചിയിലെത്തിയ തൃപ്‌തിക്ക് പ്രതിഷേധം കാരണം വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 13 മണിക്കൂറിലേറെ ഇവര്‍ നെടുമ്ബാശേരി വിമാനത്താവളത്തിനുള്ളിലായിരുന്നു. വിമാനത്താവളത്തിലെ പ്രീപെയ്ഡ് കൗണ്ടറിലെ ടാക്‌സികളും ഓണ്‍ലൈന്‍ ടാക്‌സികളും തൃപ്‌തിയെ കൊണ്ടുപോകാന്‍ തയ്യാറായില്ല.

ഇതിനിടെ തൃപ്തി ദേശായിയുടെ പൂനെയിലെ വസതിയിലേക്ക് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

അതേസമയം, ശബരിമലയില്‍ പ്രവേശിക്കുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് തൃപ്‌തി ദേശായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ തൃപ്‌തി ദേശായി നിയമോപദേശം തേടിയിട്ടുണ്ട്. ഹൈക്കോടതിയെ സമീപിക്കുകയാണെങ്കില്‍ നിയമോപദേശം നല്‍കാന്‍ തയ്യാറാണെന്ന് മൂന്ന് വനിതാ അഭിഭാഷകര്‍ തൃപ്‌തിയെ അറിയിച്ചതായും സൂചനയുണ്ട്

© 2023 Live Kerala News. All Rights Reserved.