ഗജ; തമിഴ‌്നാട്ടിൽ 13 മരണം ; മൂന്നാർ ഒറ്റപ്പെട്ടു; വട്ടവടയിൽ വൻ നാശം

ചെന്നൈ/ഇടുക്കി
തമിഴ‌്നാട്ടിലെ തീരദേശ ജില്ലയായ നാഗപട്ടണത്ത‌് കനത്ത നാശം വിതച്ച ഗജ ചുഴലിക്കാറ്റിൽ 13 പേർ മരിച്ചു. ചുഴലിക്കാറ്റിനൊപ്പം പെയ‌്ത കനത്ത മഴയിൽ നിരവധി കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. ഇരുന്നൂറിലേറെ വീടുകൾ പൂർണമായും തകർന്നു. 471 ദുരിതാശ്വാസ ക്യാമ്പുകളിലായി 81,948 പേരെ മാറ്റിപ്പാർപ്പിച്ചു. നാഗപട്ടണത്തിന‌് പുറമെ തഞ്ചാവൂർ, കടലൂർ, രാമനാഥപുരം, പുതുക്കോട്ട, തിരുവാരൂർ എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

ഇടുക്കിയിൽ വ്യാഴാഴ‌്ച രാത്രി മുതൽ കനത്ത മഴ തുടരുകയാണ‌്. വട്ടവട മേഖലയിൽ പത്തിലധികം ഉരുൾപൊട്ടലുണ്ടായി. നൂറുകണക്കിനേക്കർ സ്ഥലത്തെ കൃഷി നശിച്ചു . മൂന്നാറിൽ താൽക്കാലികമായി നിർമിച്ച പെരിയവരൈ പാലം ഒലിച്ചു പോയി. 60ലധികം മണ്ണിടിച്ചിലുണ്ടായി. 65വീടുകൾക്ക‌് നാശമുണ്ടായി.

വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് മൂന്നാറിന‌് സമീപം പുനർനിർമിച്ച പെരിയവരൈ പാലം വീണ്ടും ഒലിച്ചുപോയത‌്. മഹാ പ്രളയത്തെ തുടർന്ന് തകർന്ന പാലം ഏറെ പരിശ്രമത്തിനൊടുവിൽ സെപ‌്തംബറിലാണ്‌ താൽക്കാലികമായി നിർമ്മിച്ചത്‌. പാലം തകർന്നതോടെ മൂന്നാറിൽ നിന്നും മറയൂർ, ഉദുമൽപ്പേട്ട ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂർണമായി നിലച്ചു.

തമിഴ‌്നാട്ടിൽ നാഗപട്ടണത്തിനും വേദാരണ്യത്തിനും മധ്യേ വെള്ളിയാഴ‌്ച പുലർച്ചെയാണ‌് ഗജ ആഞ്ഞടിച്ചത‌്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ കാറ്റ‌് വീശി. ശനിയാഴ‌്ചയോടെ ചുഴലിക്കാറ്റ‌് ന്യൂനമർദമായി രൂപപ്പെട്ട‌് കേരളം വഴി അറബിക്കടലിലേക്ക‌് നീങ്ങുമെന്നാണ‌് കാലാവസ്ഥാ വിദഗ‌്ധരുടെ നിഗമനം.

© 2024 Live Kerala News. All Rights Reserved.