ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം റെഡിയായെന്ന് രവി ശാസ്ത്രി

ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ ഏകദിന ലോകകപ്പിനുളള ഇന്ത്യന്‍ ടീം റെഡിയായെന്ന് പരിശീലകന്‍ രവി ശാസ്ത്രി. ടീമിലേക്ക് ഇനി പുതിയ ആളെ എടുക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യില്ലെന്ന് ശാസ്ത്രി വ്യക്തമാക്കി.

ലോകകപ്പിന് മുന്‍പായി ഇനി 13 മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് ശേഷിക്കുന്നത്. ഇപ്പോഴത്തെ 15 അംഗ ടീമിനെ ലോകകപ്പിലും നിലനിര്‍ത്തും. ഇനി കളിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനുള്ള സമയമാണ്. ആര്‍ക്കും നിലവില്‍ കാര്യമായ പരുക്കില്ലെന്നതും നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസിലന്‍ഡുമായി എട്ട് പരിമിത ഓവര്‍ കളികളാണ് ഇന്ത്യയ്ക്ക് ലഭിക്കുക. അതിനുശേഷം നാട്ടില്‍ ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചു മത്സരങ്ങളും ലഭിക്കും. ഇതിനുശേഷമാകും ഇന്ത്യ ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കാനിരിക്കുന്ന ലോകകപ്പിനായി തിരിക്കുക. ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യ മൂന്ന് ടി20യും അഞ്ച് ടെസ്റ്റുകളും കളിക്കുന്നുണ്ട്. നവംബര്‍ 21നാണ് ടി20 പരമ്പര ആരംഭിക്കുന്നത്.