പ്ലാറ്റീനി ഫിഫ പ്രസിഡന്റ് സ്ഥാനാര്‍ഥി

 

പാരീസ്: ആഗോള ഫുട്‌ബോള്‍ സമിതി(ഫിഫ)യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (യുവേഫ) പ്രസിഡന്റ് മിഷേല്‍ പ്ലാറ്റീനി പ്രഖ്യാപിച്ചു. മുന്‍ ഫ്രഞ്ച് താരം ഫിഫയുടെ തലപ്പത്തേക്ക് മത്സരിക്കുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നെങ്കിലും ബുധനാഴ്ചയാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ സെപ് ബ്ലാറ്ററുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ അടുത്തവര്‍ഷം ഫിബ്രവരി 26ന് സൂറിച്ചിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

2007 മുതല്‍ യുവേഫ അധ്യക്ഷസ്ഥാനം അലങ്കരിക്കുന്ന പ്ലാറ്റീനി സെപ് ബ്ലാറ്ററുടെ പിന്‍ഗാമിയാകാന്‍ ഏറെ സാധ്യതകല്‍പ്പിക്കപ്പെടുന്ന സ്ഥാനാര്‍ഥിയാണ്. വോട്ടവകാശമുള്ള 209 അംഗങ്ങളുള്ള ഫിഫയിലെ ആറ് കോണ്‍ഫെഡറേഷനുകളില്‍ നാലെണ്ണത്തിന്റെ പിന്തുണയാണ് പ്ലാറ്റീനി അവകാശപ്പെടുന്നത്. ഇതില്‍ കരുത്തരായ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷനും ഉള്‍പ്പെടും. കഴിഞ്ഞ മെയ് മാസത്തില്‍ അഞ്ചാംവട്ടവും സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ സെപ് ബ്ലാറ്റര്‍ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും നാലുദിവസത്തിനകം രാജിവെച്ചിരുന്നു.

ബ്ലാറ്ററുടെ ശക്തമായ പിന്തുണയാലാണ് മുന്‍ ഫ്രഞ്ച് താരം പ്ലാറ്റീനി യുവേഫയുടെ തലപ്പത്തെത്തുന്നത്. എന്നാല്‍, 2011ല്‍ ബ്ലാറ്റര്‍ നാലാംവട്ടവും ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതോടെയാണ് ഇരുവരും തമ്മില്‍ തെറ്റിയത്. ബ്ലാറ്ററുടെ കടുത്ത വിമര്‍ശകനായിമാറിയ പ്ലാറ്റീനിയുടെ തന്ത്രങ്ങളാണ് ഇത്തവണ നിര്‍ണായകമായത്.

കഴിഞ്ഞദിവസം സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരക്രമം നിശ്ചയിക്കുന്ന ചടങ്ങില്‍ പ്ലാറ്റീനി പിന്തുണയ്ക്കായുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബ്ലാറ്ററുടെ പിന്തുണ ലഭിക്കില്ലെന്നുറപ്പുള്ളതിനാല്‍ ഏഷ്യന്‍, ആഫ്രിക്കന്‍ കോണ്‍ഫെഡറേഷനുകളുടെ പിന്തുണ ഉറപ്പാക്കലാണ് വലിയ വെല്ലുവിളി. ഇരു കോണ്‍ഫെഡറേഷനുകള്‍ പിന്തുണച്ചാല്‍ അനായാസം പ്രസിഡന്റ് സ്ഥാനത്തെത്താന്‍ പ്ലാറ്റീനിക്കാവും.

അതേസമയം ഫിഫ പ്രസിഡന്റ്സ്ഥാനത്തേക്ക് ബ്ലാറ്റര്‍ക്കെതിരെ മത്സരിച്ച ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈന്‍ പ്ലൂറ്റീനിയെ എതിര്‍ത്ത് രംഗത്തെത്തി. പ്ലാറ്റീനി ഫിഫയ്ക്ക് അനുയോജ്യനല്ലെന്നാണ് അലി രാജകുമാരന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. പ്ലാറ്റീനിയെക്കാളും മികച്ചയാളെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവേഫ പിന്തുണയോടെയാണ് ജോര്‍ദാന്‍ രാജകുമാരന്‍ ബ്ലാറ്റര്‍ക്കെതിരെ മത്സരിച്ചത്.