‘എനിക്ക‌് ശ്വാസം മുട്ടുന്നു..’ ; ഖഷോഗിയുടെ അവസാന വാക്കുകൾ

അംഗാര
സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ നിർണായക തെളിവുകൾ പുറത്തുവിട്ട‌് തുർക്കി. ഖഷോഗിയുടെ അവസാന വാക്കുകളടങ്ങിയ ശബ്ദശകലം തുർക്കി പ്രസിഡന്റ‌് റസിപ‌് തയ്യിപ‌് എർദോഗൻ ബന്ധപ്പെട്ട മറ്റ‌് രാജ്യങ്ങൾക്ക‌് കൈമാറി. എർദോഗൻ തന്നെയാണ‌് ടെലിവിഷൻ പ്രസംഗത്തിൽ ഇക്കാര്യം അറിയിച്ചത‌്. ‘എനിക്ക‌് ശ്വാസം മുട്ടുന്നു. ഈ ബാഗ‌് എന്റെ തലയിൽനിന്ന‌് എടുത്തു മാറ്റൂ. ഞാൻ ഇടുങ്ങിയ ഇടങ്ങളെ ഭയപ്പെടുന്നയാളാണ‌്’–- ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽനിന്ന‌് റെക്കോർഡ‌് ചെയ‌്ത ശബ്ദശകലത്തിൽ ഖഷോഗി പറയുന്നത‌്
ഇങ്ങനെയാണ‌്. ഖഷോഗിയുടെ തല പ്ലാസ്റ്റിക‌് കവറുകൊണ്ട‌് മൂടിയെന്നും കൊലപാതകം ഏഴുമിനിറ്റോളം നീണ്ടുനിന്നെന്നും ശബ്ദശകലത്തിൽനിന്ന‌് വ്യക്തമായെന്ന‌് അൽജസീറ റിപ്പോർട്ട‌് ചെയ്യുന്നു. ഖഷോഗിയുടെ മൃതദേഹം കഷ്ണങ്ങളാക്കുന്നതിന‌് മുമ്പ‌് സൗദി സയന്റിഫിക‌് കൗൺസിൽ തലവൻ സലാ അൽ തുബൈജിയുടെ നേതൃത്വത്തിൽ നിലത്ത‌് പ്ലാസ്റ്റിക‌് ബാഗ‌് വിരിച്ചു. ഉടൻതന്നെ കൊല്ലാൻ ഉപയോഗിച്ച ഉപകരണങ്ങളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും ഉടൻ പുറത്തുവിടുമെന്നാണ‌് റിപ്പോർട്ട‌്.

സൗദി, അമേരിക്ക, ജർമനി, ഫ്രാൻസ‌്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കാണ‌് തുർക്കി പ്രസിഡന്റ‌് റസിപ‌് തയ്യിപ‌് എർദോഗൻ ഖഷോഗിയുടെ ശബ്ദശകലങ്ങൾ കൈമാറിയത‌്. പാരീസിൽ എർദോഗൻ അരേിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപുമായി കൂടിക്കാഴ‌്ച നടത്തിയിരുന്നു. നേരത്തേ ഖഷോഗിയുടെ മൃതദേഹം ആസിഡിൽ അലിച്ചുകളഞ്ഞതായി വാർത്ത ഏജൻസിയായ സബാ റിപ്പോർട്ട‌് ചെയ‌്തിരുന്നു. സൗദി കോൺസുലേറ്റിൽനിന്ന‌് ആസിഡിന്റെ അംശം ലഭിച്ചതിനു പിന്നാലെയാണ‌് തുർക്കി–-അമേരിക്ക കൂടിക്കാഴ‌്ച.

© 2024 Live Kerala News. All Rights Reserved.