ട്രംപിന് പ്രഹരം, പ്രതിനിധി സഭ ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു

ന്യൂയോർക്ക്: ലോകം ഉറ്റുനോക്കിയ അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വൻ തിരിച്ചടി നൽകി കോൺഗ്രസിന്റെ അധോസഭയായ പ്രതിനിധിസഭയിൽ ( ഹൗസ് ഒഫ് റെപ്രസന്റേറ്റീവ്‌സ്) ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷം പിടിച്ചടക്കി. ഉപരിസഭയായ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിറുത്തിയതിനാൽ ഇംപീച്ച്മെന്റ് നടപടികളിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടു.

വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തുമ്പോൾ 435 അംഗ പ്രതിനിധിസഭയിൽ ഡെമോക്രാറ്റിക് പാർട്ടി 222 സീറ്റ് നേടിയിട്ടുണ്ട്. കേവലഭൂരിപക്ഷത്തിന് 218 സീറ്റ് മതി. 14 സീറ്റിലെ ഫലം പ്രഖ്യാപിക്കാനുണ്ട്. റിപ്പബ്ളിക്കൻ പാർട്ടി 199 സീറ്റാണ് നേടിയത്.

100 സീറ്റുള്ള സെനറ്റിലെ 35 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ 51 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ടായിരുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് ഈ അംഗബലം തുടരാനായി. 45 സീറ്റുകളാണ് ഡെമോക്രാറ്റിക് പാർട്ടിക്ക്. തിരഞ്ഞെടുപ്പ് നടന്ന 35 സീറ്റുകളിൽ 26 എണ്ണവും ഡെമോക്രാറ്റുകളുടെ ഒഴിവുകളായിരുന്നു എട്ട് വർഷത്തിന് ശേഷമാണ് ഡെമോക്രാറ്റുകൾ പ്രതിനിധിസഭയിൽ ഭൂരിപക്ഷം നേടുന്നത്. ഇതോടെ ട്രംപിന്റെ ഭരണത്തെ നിയന്ത്രിക്കാനുള്ള കടിഞ്ഞാൺ ഡെമോക്രാറ്റിക് പാർട്ടി കൈയിലെടുത്തിരിക്കയാണ്. എട്ട് വർഷം മുൻപ് സ്പീക്കർ സ്ഥാനം നഷ്ടമായ ഡെമോക്രാറ്റിക് പാർട്ടിയുടെ നാൻസി പെലോസി ( കാലിഫോർണിയ ) വീണ്ടും സ്പീക്കറാകാനും ഇതോടെ വഴി തെളിഞ്ഞു. സഭയിൽ ഡെമോക്രാറ്റിക് പാർട്ടി ആധിപത്യം നേടിയതോടെ ട്രംപ് ഭരണകൂടത്തിന്റെ ഏകപക്ഷീയമായ ഭരണ നടപടികളും നിയമനിർമ്മാണങ്ങളും എളുപ്പമാവില്ല. ചുരുക്കത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഏകകക്ഷി ഭരണത്തിന് നിയന്ത്രണങ്ങൾ വരും.