അമ്പത്തൊന്‍പത് മിനിറ്റില്‍ ഒരു കോടി രൂപ വായ്പ നേടാം പത്ത് നടപടികളിലൂടെ

ന്യൂഡല്‍ഹി:ജിഎസ്ടി ചെറുകിട സംരംഭകരുടെ നട്ടല്ലൊടിച്ചു എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് 59 മിനിറ്റില്‍ 1 കോടി രൂപയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഞെട്ടിച്ചിരിക്കുന്നത്. ഇതു മാത്രമല്ല, 12 ഇന പ്രഖ്യാപനങ്ങളാണ് മോദിയുടെ വക ദീപാവലി സമ്മാനമായി നല്‍കിയിരിക്കുന്നത്. ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത, 2 കോടി വരെയുള്ള ചെറുകിട സംരംഭക വായ്പകള്‍ക്ക് 2 ശതമാനം പലിശ ഇളവാണ് പ്രഖ്യാപനങ്ങളില്‍ വളരെ പ്രധാനപ്പെട്ടത്.

ഈഡ് ആവശ്യമില്ലാത്ത കോണ്‍ടാക്ട് ലെസ് ബിസിനസ് ലോണുകള്‍ 10 ലക്ഷം മുതല്‍ 1 കോടി വരെ അനുവദിക്കാറുണ്ട്. പൂര്‍ണ്ണമായും സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന ഓണ്‍ലൈനിലൂടെ അപേക്ഷിക്കുന്നതിനാല്‍ 20-25 ദിവസം വരെ കാലതാമസം നേരിടുന്ന ലോണ്‍ നടപടികള്‍ വെറും 59 മിനിറ്റായി കുറഞ്ഞു.

മീഡിയം, സ്‌മോള്‍ ആന്റ് മൈക്രോ എന്റര്‍പ്രൈസസ് വിഭാഗങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഓണ്‍ലൈനിലൂടെ ലോണ്‍ ലഭിക്കും എന്നാണ് മോദിയുടെ അവകാശവാദം. ക്രഡിറ്റ് ഗ്യാരന്റീ ഫണ്ട് ട്രസ്‌റ് ഫോര്‍ മൈക്രോ ആന്റ് സ്‌മോള്‍ എന്റര്‍പ്രൈസസ് എന്ന സ്‌കീമില്‍ നല്‍കി വരുന്ന വായ്പ ആയതിനാല്‍ 8 ശതമാനം മുതലാണ് പലിശ നിരക്ക്.