കേരളത്തെ അന്ധകാരത്തിലേക്ക‌് തള്ളിയിടാൻ ശ്രമം: മുഖ്യമന്ത്രി

കോഴിക്കോട‌് > കേരളത്തെ വീണ്ടും അന്ധകാരത്തിലേക്ക‌് തള്ളിയിടാനാണ‌് സംഘപരിവാർ ശ്രമിക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉണ്ടായിരുന്ന കാലത്തേക്ക‌് കൊണ്ടുപോകാനുള്ള ശ്രമത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണം.

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി വന്നപ്പോൾ അതിനെ സ്വാഗതം ചെയ‌്തവരാണ‌് ബിജെപിയും ആർഎസ‌്എസും. കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വവും കേരളത്തിലെ നേതാക്കളും സ്വാഗതം ചെയ‌്തു. എന്നാൽ വരാനിരിക്കുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ലക്ഷ്യമിട്ട‌് ബിജെപി കരണംമറിഞ്ഞു. കേന്ദ്ര സർക്കാരിന്റെ അഞ്ചുവർഷത്തെ പ്രവർത്തനത്തിന‌് വോട്ട‌് കിട്ടില്ലെന്നറിയാം. അതിനാൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വിഷയമാക്കി ശബരിമലയെ മാറ്റി. ഇക്കാര്യം നേരത്തെ പറഞ്ഞപ്പോൾ പലരും വിശ്വസിച്ചില്ല. എന്നാൽ ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലോടെ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമായി. ഈ വിഷയത്തിൽ രാഹുൽഗാന്ധിക്കെതിരായ നിലപാടെടുത്ത കേരളത്തിലെ കോൺഗ്രസ‌് നേതാക്ക‌ളുടെ പ്രസ‌്താവനകൾ ബിജെപിയെ കടത്തിവെട്ടുന്നതാണ‌്. രാമൻനായർക്കു പിന്നാലെ പലരും ബിജെപിയിൽ പോയാൽ അത്ഭുതപ്പെടേണ്ട. കേരളത്തിൽ എൽഡിഎഫും ബിജെപിയും മാത്രമാകും എന്ന ശ്രീധരൻപിള്ളയുടെ വാക്കുകേട്ടിട്ടും ‘ആ പൂതി മനസ്സിലിരിക്കട്ടെ’യെന്ന‌് പറയാൻ ഒറ്റ കോൺഗ്രസ്സുകാരനുമില്ല.