തമിഴ് തടവുകാരെ വിട്ടയക്കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍

കൊളംബോ: ശ്രീലങ്കന്‍ ജയിലുകളില്‍ കഴിയുന്ന തമിഴ് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുമെന്ന സൂചന നല്‍കി സര്‍ക്കാര്‍. അടുത്തിടെ സത്യപ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രിയായി ചുമതലയേറ്റ മഹീന്ദ രാജപക്‌സെയുടെ മകനും പാര്‍ലമെന്റ് അംഗവുമായ നമാല്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പാര്‍ലമെന്റില്‍ നടക്കുന്ന അവിശ്വാസപ്രമേയത്തില്‍ രാജപക്‌സെക്കെതിരേ വോട്ട് ചെയ്യുമെന്ന് തമിഴ്‌സംഘടനകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തമിഴ് സംഘടനകളുടെ പിന്തുണ നേടിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് തടവുകാരെ മോചിപ്പിക്കുമെന്ന് രാജപക്‌സെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

2009ല്‍ ശ്രീലങ്കന്‍ സേനയും തമിഴ് വിമോചന സംഘടനയായ എല്‍ടിടിഇയും തമ്മിലുള്ള ആഭ്യന്തരയുദ്ധം അവസാനിച്ചതിനു പിന്നാലെ ജയിലില്‍ അടച്ചവരെയാവും മോചിപ്പിക്കുക. നാടകീയ നീക്കത്തിലൂടെ അടുത്തിടെ സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രി രാജപക്‌സെ തമിഴ് അനുകൂല പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.

തമിഴ് നാഷനല്‍ അലയന്‍സ് (ടിഎന്‍എ) പാര്‍ട്ടിയുടെ പിന്തുണ ഉറപ്പാക്കാന്‍ പുതിയ നീക്കത്തിലൂടെ രാജപക്‌സെ ശ്രമിക്കുന്നതായി തടവുകാരുടെ മോചനം സംബന്ധിച്ച റിപോര്‍ട്ടില്‍ പറയുന്നു. ടിഎന്‍എയുടെ പിന്തുണയില്ലാതെ രാജപക്‌സെയ്ക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ല. 100 എംപിമാരുടെ പിന്തുണയാണ് നിലവില്‍ രാജപക്‌സെയ്ക്കുള്ളത്.

പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട റെനില്‍ വിക്രമസിംഗയ്ക്ക് 103 എംപിമാരുടെ പിന്തുണയുണ്ട്. ടിഎന്‍എ എംപിമാര്‍ അടക്കമുള്ളവര്‍ രാജപക്‌സെയെ എതിര്‍ക്കുമെന്നാണു പ്രാഥമിക സൂചന. 225 അംഗ പാര്‍ലമെന്റില്‍ തമിഴ് സംഘടനകളുടെ പ്രതിനിധികളായി 15 പേരാണ് ഉള്ളത്.
മഹീന്ദ രാജപക്‌സെക്കെതിരായ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ടിഎന്‍എ പ്രഖ്യാപിച്ചിരുന്നു. രാജപക്‌സെയുടെ നിയമനം ഭരണഘടനാവിരുദ്ധവും അനധികൃതവുമാണെന്ന് ശ്രീലങ്കയിലെ തമിഴ് സംഘടനകള്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. രാജപക്‌സെ അധികാരത്തിലെത്തുന്നത് തടയാന്‍ റനില്‍ വിക്രമസിംഗയെ പിന്തുണയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.