ശബരിമല നട ഇന്ന് തുറക്കും; ശക്തമായ സുരക്ഷയൊരുക്കി പോലീസ്; ഉച്ച മുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കും

പമ്ബ: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട ഇന്ന് തുറക്കും. സ്ഥലങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. 20 കമാന്റോകളും 100 വനിത പൊലീസും അടക്കം 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയില്‍ നിയോഗിച്ചിട്ടുള്ളത്. ശബരിമലയ്ക്ക് 20 കിലോമീറ്റര്‍ അകലെ മുതല്‍ തന്നെ പൊലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പരിശോധനയുണ്ട്.

സന്നിധാനത്ത് സ്ത്രീകളെ ഉപയോഗിച്ച്‌ ബിജെപിയും പോഷകസംഘടനകളും പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണ്ടിവന്നാല്‍ സന്നിധാനത്ത് വനിതാ പൊലീസുകാരെ നിയോഗിക്കുമെന്നും പൊലീസ് അറിയിച്ചു. സന്നിധാനത്ത് 50 വയസ്സ് കഴിഞ്ഞ 30 വനിതാ പൊലീസുകാരെ നിയോഗിക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

എസ്‌ഐ, സിഎ റാങ്കിലുള്ള വനിതാ പൊലീസുകാരെയാണ് നിയോഗിക്കുക. നിരോധനാജ്ഞ നിലവില്‍ വന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും ഇപ്പോള്‍തന്നെ പൊലീസ് നിയന്ത്രണത്തിലാണ്. ക്ഷേത്ര പരിസരത്ത് കമാന്‍ഡോകള്‍ നിലയുറപ്പിച്ചു. ഇന്നലെ ഉച്ചമുതല്‍ തൃശൂരില്‍ നിന്നുള്ള ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ 75 കമാന്‍ഡോകള്‍ സുരക്ഷാ ചുമതല ഏറ്റെടുത്തു. ഇവര്‍ക്ക് ഐ.ജി എം.ആര്‍. അജിത്കുമാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആറ് എക്സിക്യൂട്ടിവ് മജിസ്ട്രേട്ട്മാര്‍ക്ക് ചുമതല നല്‍കി.

ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകള്‍ ഉതിര്‍ക്കുന്ന പ്രത്യേക വാഹനവും അടക്കമുള്ള എല്ലാ സന്നാഹങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. മുന്‍പ് സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന ക്യാമറകളും സ്ഥാപിച്ചു. ഇന്നും നാളെയും തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ആരെയും നിലയ്ക്കല്‍ മുതല്‍ കടത്തിവിടില്ല. തീര്‍ഥാടകര്‍ അല്ലാത്തവരെ നിലയ്ക്കല്‍ എത്തും മുന്‍പേ തിരിച്ചയയ്ക്കും. തീര്‍ഥാടകരെ ഇന്ന് ഉച്ചയോടെയാകും പമ്ബയിലേക്ക് കടത്തിവിടുക. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുന്നത്. ഇരുമുടിക്കെട്ടില്ലെങ്കില്‍ തടയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു പൊലീസ് പറഞ്ഞു .

പമ്ബയിലും സന്നിധാനത്തും എല്ലാ കെട്ടിടങ്ങളിലും പൊലീസ് ഇന്നലെ പലതവണ പരിശോധന നടത്തി. അയ്യപ്പസ്വാമിയുടെയും മാളികപ്പുറത്തെയും മേല്‍ശാന്തിമാരുടെയും തന്ത്രിയുടെയും മുറികളിലൊഴികെ എല്ലായിടത്തും അരിച്ചുപെറുക്കി. പ്രതിഷേധക്കാര്‍ ഉണ്ടോ എന്നറിയാന്‍ കടമുറികളിലും അന്നദാന മണ്ഡപങ്ങളിലും തിരച്ചില്‍ നടത്തി. ഇവിടെയുളളവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചു. അയ്യപ്പസേവാ സംഘം, അയ്യപ്പ സേവാ സമാജം പ്രവര്‍ത്തകരെ ചോദ്യം ചെയ്തു.

© 2024 Live Kerala News. All Rights Reserved.