ചെറുകിട സംരംഭകര്‍ക്ക് സഹായകരമാകുന്ന 12 പദ്ധതികളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചെറുകിട സംരംഭകര്‍ക്ക് സഹായകരമാകുന്ന പുത്തന്‍ 12 പദ്ധതികള്‍ ഒരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അതിവേഗ വായ്പ സൗകര്യവും ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നു. ഈപുത്തന്‍ പദ്ധതിയില്‍ ഏറ്റവും പ്രധാനം 59 മിനിറ്റ്കൊണ്ട് ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്നതാണ്.
ചെറുകിട സംരംഭകര്‍ക്കുള്ള ദീപാവലി സമ്മാനമാണിതെന്നും, പ്രഭാതസവാരിക്കെടുക്കുന്ന സമയംകൊണ്ട് നിങ്ങള്‍ക്ക് ഒരു കോടി രൂപ വായ്പ ലഭ്യമാക്കുമെന്നും പദ്ധതി പ്രഖ്യാപിച്ച്‌ക്കൊണ്ട് മോദി അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന ചെറുകിട-ഇടത്തരം സംരംഭകര്‍ക്കായുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മാത്രമല്ല,ദീപാവലി സമ്മാനമായി പ്രഖ്യാപിക്കപ്പെട്ട സര്‍ക്കാരിന്റെ 12 പദ്ധതികള്‍ ചെറുകിട വ്യവസായ രംഗത്ത് പുതിയൊരു അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ പുതിയ പ്രഖ്യാപനം എന്നത് നോട്ട് നിരോധനവും ജിഎസ്ടിയുമടക്കമുള്ള സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നടപടികള്‍ മൂലം രാജ്യത്തെ ചെറുകിട വ്യവസായ മേഖല തകര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് തടയിടുന്നതാണ്. ചെറുകിട-ഇടത്തരം വ്യവസായത്തില്‍ സര്‍ക്കാരിന്റെ വിഹിതം 20-ല്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്തുകയും ജിഎസ്ടിയുമായി ബന്ധിപ്പിച്ച് വ്യവസായങ്ങള്‍ക്ക് ഒരു കോടി രൂപവരെയുള്ള വായ്പയില്‍ രണ്ടു ശതമാനം പലിശയിളവ് കൊണ്ടുവരികയും ചെയ്തതാണ് മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍.