ശ്രീലങ്കയിലെ ഭരണ അനിശ്ചിതാവസ്ഥ; ഉടൻ പരിഹാരമാവശ്യപ്പെട്ട് ഐക്യരാഷ്ട്രസംഘടന

കൊളംബോ: ശ്രീലങ്കയില്‍ തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയും പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്രസംഘടന രംഗത്ത്. ഐക്യരാഷ്ട്രസംഘടന റസിഡന്റ് കോഡിനേറ്റര്‍ ഹന സിംഗര്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ നേരിട്ട് കണ്ടാണ് ആവശ്യം അറിയിച്ചത്.

ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് സിരിസേന ഉറപ്പുനല്‍കി. ശ്രീലങ്കക്ക് എല്ലാവിധ സഹായവും നല്‍കാന്‍ ഐക്യരാഷ്ട്ര സംഘടന തയ്യാറാണെന്ന് ഹന സിംഗര്‍ പറഞ്ഞു. സ്പീക്കര്‍ കരു ജയസൂര്യയെയും അവര്‍ സന്ദര്‍ശിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിച്ച് മാധ്യമ സ്വാതന്ത്ര്യം അനുവധിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടന ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാജപക്‌സെ പ്രധാനമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ അക്രമം അഴിച്ചുവിട്ടിരുന്നു.