ശ്രീലങ്ക പ്രക്ഷുബ‌്ധം: വിക്രമസിംഗെയെ പിന്തുണച്ച‌് കൊളംബോയിൽ വൻ റാലി

കൊളംബോ > ശ്രീലങ്കയെ പ്രക്ഷുബ‌്ധമാക്കിയ രാഷ‌്ട്രീയ പ്രതിസന്ധിക്കിടെ റെനിൽ വിക്രമസിംഗെയെ പിന്തുണച്ച‌് വൻ പ്രതിഷേധ റാലി. തലസ്ഥാനമായ കൊളംബോയിൽ നടന്ന റാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ഒൗദ്യോഗികവസതിയിൽ തുടരുന്ന വിക്രമസിംഗെ വസതിക്കുസമീപം റാലിയെ അഭിസംബോധന ചെയ‌്തു. പാർലമെന്റ‌് ഉടൻ വിളിച്ചുകൂട്ടണമെന്നും താൻ അവിടെ ഭൂരിപക്ഷം തെളിയിക്കുമെന്നും വിക്രമസിംഗെ ആവർത്തിച്ചു. അതേസമയം, പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മഹിന്ദ രജപക‌്‌‌സെയുടെ മന്ത്രിസഭാംഗങ്ങളെ പ്രസിഡന്റ‌് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു.

റെനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന‌് പുറത്താക്കിയ പ്രസിഡന്റ‌് സിരിസേനയ‌്ക്കെതിരെ ശ്രീലങ്കൻ മാധ്യമങ്ങളും രംഗത്തെത്തി. പ്രസിഡന്റ‌് നടത്തിയത‌് ഭണഘടന അട്ടിമറിയാണെന്ന‌് മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു. രാജ്യത്തെ രാഷ‌്ട്രീയ അനിശ്ചിതാവസ്ഥ ഒഴിവാക്കുന്നത‌് സംബന്ധിച്ച‌് ചർച്ചചെയ്യാൻ കൊളംബോയിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥർ സ‌്പീക്കർ കരു ജയസൂര്യയെ സന്ദർശിച്ചു.

© 2024 Live Kerala News. All Rights Reserved.