സാലറി ചലഞ്ച‌് : സന്നദ്ധത അറിയിച്ച‌് കൂടുതൽപേർ; ആദ്യഗഡുവായി 299.99 കോടി

സാലറി ചലഞ്ചിന്റെ ഭാഗമായി കൂടുതൽ പേർ ഒരുമാസത്തെ ശമ്പളം നൽകാൻ തയ്യാറായി സർക്കാരിനെ സമീപിക്കുന്നു. ഇവരുടെ ഒക്ടോബറിലെ ശമ്പളംമുതൽ വിഹിതം പിടിക്കാനുള്ള സംവിധാനമുണ്ടാക്കാൻ ധനവകുപ്പ‌് ഡ്രോയിങ‌് ഒഫീസർമാർക്ക‌് നിർദേശം നൽകി. സുപ്രീംകോടതി വിധി പ്രകാരം ജീവനക്കാരുടെ സമ്മതപത്രം വാങ്ങിയാകും ഇവരുടെ ശമ്പളം പിടിക്കുക. നിലവിൽ സാലറി ചലഞ്ചിൽ പങ്കെടുത്തവരിൽനിന്നായി ആദ്യ ഗഡുവായി 299.99 കോടി രൂപ ലഭിച്ചു.

പത്ത‌് മാസം കഴിയുമ്പോൾ ഈ തുക 2000 കോടിയെങ്കിലും കടക്കുമെന്ന കണക്കുകൂട്ടലിലാണ‌് സർക്കാർ. ആദ്യഘട്ടത്തിൽ വിവിധ കാരണങ്ങളാൽ മാറിനിന്ന എയ‌്ഡഡ‌് കോളേജ‌്, സ‌്കൂൾ അധ്യാപകരാണ‌് പുതുതായി ഒരുമാസത്തെ ശമ്പളം നൽകാമെന്നറിയിക്കുന്നവരിൽ കൂടുതലും. വിസമ്മതപത്രം നൽകിയ ചിലരും പിൻവലിക്കാൻ സന്നദ്ധമായിട്ടുണ്ട‌്. ഇതിനുള്ള അനുമതിയും ധനവകുപ്പ‌് നൽകി. നിലവിൽ സർക്കാർ ജീവനക്കാർ, അധ്യാപകർ, കോടതി ജീവനക്കാർ എന്നിവരടക്കം 4,85,469 ജീവനക്കാരാണ‌് സെപ‌്തംബറിൽ ശമ്പളം മാറിയത‌്. ഇതിൽ 2,88,904പേർ സാലറി ചലഞ്ചിന്റെ ഭാഗമായി ഒരുഗഡു ശമ്പളം നൽകി.

ചില ജീവനക്കാർ ശമ്പളം ഒന്നിച്ചുനൽകി. 1, 96,565 പേരാണ‌് വിസമ്മതപത്രം നൽകിയത‌്. സമ്മതം അറിയിച്ചവരിൽനിന്ന‌് പത്ത‌് ഗഡു പിടിക്കുന്നതോടെ 2000 കോടിരൂപയ‌്ക്ക‌് പുറത്ത‌് ജീവനക്കാരുടെ വിഹിതം ലഭിക്കും. 15,00 കോടിരൂപയായിരുന്നു ലക്ഷ്യമിട്ടത‌്. മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ‌് നേരിട്ട‌് നൽകിയത‌്. അതുകൂടെ കൂട്ടുമ്പോൾ സാലറി ചലഞ്ച‌് വഴിയുള്ള തുക ഇനിയും കൂടും.

ഓഖി ദുരിതാശ്വാസ നിധിയിലേക്ക‌് ജീവനക്കാരുടെയും അധ്യാപകരുടെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വിഹിതമായി ലഭിച്ചത‌് 31 കോടിരൂപയായിരുന്നു. അതിന്റെ പത്തിരട്ടിയോളം തുക ആദ്യഗഡുവായി ലഭിച്ചു. ജീവനക്കാരെ നിർബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും സാലറി ചലഞ്ചിൽ പങ്കെടുപ്പിച്ചെന്ന വാദവും ഇവിടെ പൊളിയുകയാണ‌്. ഭീഷണിപ്പെടുത്തിയെങ്കിൽ 1, 96,565 പേർ എങ്ങനെ സാലറി ചലഞ്ചിൽനിന്ന‌് മാറിനിന്നുവെന്ന ചോദ്യത്തിന‌് മറുപടിയില്ല. മാറി നിന്നവരിൽ കൂടുതലും പ്രതിപക്ഷ സർവീസ‌് സംഘടനകളിൽ അംഗങ്ങളുമാണ‌്.

കേന്ദ്രം നൽകിയത‌് 600 കോടി മാത്രം
പ്രളയ ദുരിതത്തിൽ സർവതും നഷ്ടപ്പെട്ട കേരളത്തെ പുനർനിർമിക്കാൻ കേന്ദ്ര സർക്കാർ നൽകിയത‌് വെറും 600 കോടി രൂപയെങ്കിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും ആദ്യ ഗഡുവായിമാത്രം നൽകിയത‌് 299.99 കോടിരൂപ. അതായത‌് കേന്ദ്ര ധനഹായയത്തിന്റെ പകുതിക്ക‌് ഒരു ലക്ഷം മാത്രം കുറവ‌്. ഒരു മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡുമാത്രമാണിത‌്. ഇതുകൂടാതെ പൊതുമേഖലാ ജീവനക്കാരുടെ തുക വേറെവരും.

മുഖ്യമന്ത്രിയുടെ സിഎംഡിആർഫ‌് ഫണ്ടിലേക്ക‌് നേരിട്ടാണ‌് ഇവരുടെ ഒരു മാസത്തെ ശമ്പളം നൽകിയത‌്. നിലവിൽ സാലറി ചലഞ്ചിൽ പങ്കെടുത്തവരുടെ ഒരുമാസത്തെ ശമ്പളം പൂർണമായും ലഭിക്കുമ്പോൾ അവ കേരളചരിത്രത്തിൽ തുല്യതയില്ലാത്ത വലിയ സംഭാവനയാകും. നിലവിൽ ലഭിച്ച 299.99 കോടിരൂപയും വീട‌് നഷ്ടപ്പെട്ടവർക്ക‌് നൽകുന്ന സാമ്പത്തികസഹായത്തിന‌് ഉപയോഗിക്കും. പൂർണമായും വീട‌് തകർന്നവർക്ക‌് 4 ലക്ഷവും ഭാഗികമായി തകർന്നവർക്ക‌് രണ്ടര ലക്ഷവുമാണ‌് നൽകുന്നത‌്. ഇതിന‌് മാത്രമായി 1200 കോടിരൂപ വേണം. ഇതിൽ ജീവനക്കാരുടെ വിഹിതം കഴിച്ചുള്ളവ മുഖ്യമന്ത്രിയുടെ സിഎംഡിആർഫ‌ിൽനിന്ന‌് എടുക്കും.

© 2024 Live Kerala News. All Rights Reserved.