സ്വര്‍ണ്ണവില ഇനിയും ഇടിയും.. പവന് 18,880 രൂപ

കൊച്ചി:  സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് 120 രൂപ കുറഞ്ഞ് 18,880 രൂപയായി.   സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2360രൂപയായി. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സംസ്ഥാനത്ത് പവന് 19,000രൂപയായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വലിയ ഇടിവാണ് ഉണ്ടായത്. പവന് ജൂലൈ മാസത്തില്‍ 19200 രൂപയായിരുന്നു വില. ആഗോളവിപണിയില്‍ സ്വര്‍ണ്ണവിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് വിലകുറയുന്നതിന്‍ പ്രധാന കാരണം. വിപണിയില്‍ സ്വര്‍ണ്ണവില 1080 ഡോളര്‍ വരെ എത്തിയിരുന്നു. ഇപ്പോള്‍ 1100ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളര്‍ ശക്തിപ്രാപിച്ചതാണ് സ്വര്‍ണത്തിന്റെ ആവശ്യകത കുറച്ചത്.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് പലിശവര്‍ദ്ധിപ്പിച്ചേക്കുമെന്ന വിലയിരുത്തലുകളിലാണ് വില ഇടിയാന്‍ തുടങ്ങിയത്. 10 വര്‍ഷത്തിനു ശേഷമാണ് ഇത്തരമൊരു നീക്കം ഫെഡറല്‍ റിസര്‍വിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. സ്വര്‍ണം അടിസ്ഥാനമായ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ (ഇടിഎഫ്) എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിലെ നിക്ഷേപം 684.6 ടണ്ണായും കുറഞ്ഞു. 2008 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.
2012 സെപ്റ്റംബറില്‍ ഒരു പവന് 24,160 രൂപയിലെത്തി സ്വര്‍ണം റെക്കോര്‍ഡിട്ടിരുന്നു. കൂടാതെ ചൈനയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും വിലയിടിവിനു കാരണമായി.
സുരക്ഷിതമായ ഒരു നിക്ഷേപമായി കണക്കാക്കിയിരുന്ന സ്വര്‍ണത്തിന്റെ വിലയിലുണ്ടാകുന്ന കുത്തനെയുള്ള ഇടിവ് നിക്ഷേപകരെയും ആശങ്കയിലാഴ്ത്തുകയാണ്. രാജ്യാന്തരവിപണിയില്‍ സ്വര്‍ണവില ഇനിയും കുറയും എന്നാണ് വിലയിരുത്തലുകള്‍.
ഇതോടെ സംസ്ഥാനത്തും സ്വര്‍ണ്ണവില ആനുപാതികമായി കുറഞ്ഞേക്കും. സ്വര്‍ണ വില കുറഞ്ഞത് കാരണം സംസ്ഥാനത്തെ ജ്വല്ലറികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
2012 സെപ്റ്റംബറില്‍ പവന് 24,160 രൂപയിലെത്തി റെക്കോര്‍ഡിട്ട സ്വര്‍ണനിരക്കാണ് കുത്തനെ ഇടിഞ്ഞ് ഈ അവസ്ഥയിലെത്തിയിരിക്കുന്നത്. അഞ്ചു ദിവസത്തെ താല്‍ക്കാലികാശ്വാസത്തിന് ശേഷം വില വീണ്ടും ഇടിയാനാരംഭിച്ചത് നിക്ഷേപകരെയും ആശങ്കയിലാഴ്ത്തുകയാണ്.
കൈയിലുള്ള സ്വര്‍ണം വിറ്റഴിക്കണോ അതോ വിലക്കുറവിന്റെ ആനുകൂല്യം മുതലെടുത്ത് കൂടുതല്‍ നിക്ഷേപം നടത്തണോയെന്നതാണ് ഇപ്പോള്‍ നിക്ഷേപകരുടെ ചിന്ത.
എന്നാല്‍, സമീപകാലത്തൊന്നും വില തിരിച്ചു കയറാനിടയില്ലെന്ന പ്രവചനമാണ് ഇവരെ പിന്നോട്ടടിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.