ശ്രീലങ്ക: രാഷ‌്ട്രീയ അനിശ‌്ചിതത്വം തുടരുന്നു; രണതുംഗയെ അറസ‌്റ്റ്‌ ചെയ്‌തു

കൊളംബോ > രാഷ‌്ട്രീയ പ്രതിസന്ധി മൂർച‌്ഛിക്കുന്നതിനിടെ ശ്രീലങ്കയിൽ പെട്രോളിയം മന്ത്രിയായ മുൻ ക്രിക്കറ്റ് താരം അർജുന രണതുംഗയെ അറസ‌്റ്റുചെയ‌്തു. കഴിഞ്ഞദിവസം രണതുംഗയുടെ അംഗരക്ഷകന്റെ വെടിയേറ്റ‌് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനുകൂലികളിൽ ഒരാൾ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തിന്‌ പിന്നീട്‌ ജാമ്യം അനുവദിച്ചു. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ അനുയായികൾക്കുനേരെയുള്ള പകപോക്കലിന്റെ ഭാഗമാണ‌് അറ‌സ‌്റ്റെന്ന‌് ആക്ഷേപമുയർന്നു.

അതേസമയം, മഹിന്ദ രജപക‌്സെ പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റിലെത്തി ചുമതലകൾ ഏറ്റെടുത്തു. മന്ത്രിസഭയിലേക്ക് ധനം, നിയമം, വിദേശകാര്യം, ആഭ്യന്തരം വകുപ്പുകളിലേക്കു പുതിയ മന്ത്രിമാർ ഉടൻ ചുമതലയേൽക്കുമെന്നും രജപക‌്സെ അറിയിച്ചു. അതേസമയം, ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ വസതിയായ ടെംപിൾ ട്രീസ് റെനിൽ വിക്രമസിംഗെ ഒഴിഞ്ഞിട്ടില്ല. നിലവിലെ സാഹചര്യങ്ങൾ ചർച്ചചെയ്യാൻ പ്രസി‍ഡന്റ് മൈത്രിപാല സിരിസേന കൊളംബോയിൽ നയതന്ത്ര ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ജനാധിപത്യമൂല്യങ്ങളും ഭരണഘടനാ വ്യവസ്ഥകളും പിന്തുടരാൻ സർക്കാർ തയാറാകണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടിറെസും യുഎസ് വിദേശ വകുപ്പും ആവശ്യപ്പെട്ടു.

അതേസമയം രാജ്യം ഉടൻ പൊതുതെരഞ്ഞെടുപ്പിലേക്ക‌് പോകുമെന്ന സൂചനയുമായി രജപക‌്സെ രംഗത്തെത്തി. രാജ്യംനേരിടുന്ന സാമ്പത്തിക– രാഷ്ട്രീയ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള പദ്ധതിക്കായി ജനങ്ങൾ വോട്ട് രേഖപ്പെടുത്തണമെന്ന് രാജപക്സെ പറഞ്ഞു. തനിക്കൊപ്പം ചേർന്ന രാഷ്ട്രീയ നേതാക്കളും പാർലമെന്റ് അംഗങ്ങളും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നിൽക്കുന്നത്. രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിന് എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടക്കേണ്ട ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ വധശ്രമത്തിന‌് പിന്നിൽ റെനിൽ വിക്രമസിംഗെ സർക്കാറിലെ ഒരു മന്ത്രിക്ക‌് പങ്കുള്ളതായി തെളിഞ്ഞതിനാലാണ‌് താൻ വിക്രമസിംഗെ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതെന്ന‌് പ്രസിഡന്റ‌് മൈത്രിപാല സിരിസേന അവകാശപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.