ഛത്തീസ‌്ഗഡിൽ ജെസിസി– ബിഎസ‌്‌‌‌പി സഖ്യം കടമ്പയെന്ന്‌ രമൺസിങ‌്

ന്യൂഡൽഹി > ഛത്തീസ‌്ഗഡിൽ മുൻമുഖ്യമന്ത്രി അജിത‌്ജോഗിയുടെ ജനത കോൺഗ്രസ‌് ഛത്തീസ‌്ഗഡും (ജെസിസി) ബിഎസ‌്‌‌പിയും ചേർന്നുണ്ടാക്കിയ സഖ്യം ബിജെപിയുടെയും കോൺഗ്രസിന്റെയും പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വീഴ‌്ത്തുമെന്ന‌് മുഖ്യമന്ത്രി രമൺസിങ‌്.
കോൺഗ്രസിനെയാണ‌് ഇതു കൂടുതൽ പ്രതികൂലമായി ബാധിക്കുകയെന്നും ബിജെപി നേതാവായ രമൺസിങ‌് ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ടുവ്യത്യാസം 0.8 ശതമാനം മാത്രമായിരുന്നു. ഇത്തവണ ബിജെപി കടുത്ത ജാഗ്രത പുലർത്തേണ്ടിവരുമെന്നും രമൺസിങ‌് പറഞ്ഞു. 2019ലെ ലോക‌്സഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ‌് നടക്കുന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പ‌് ജനങ്ങളുടെ ഹിതപരിശോധനയാണ‌്. ഭരണനേട്ടങ്ങൾ ഉയർത്തിപ്പിടിച്ചാണ‌് താൻ വോട്ടർമാരെ സമീപിക്കുന്നത‌്.

കോൺഗ്രസ‌് ഭരണത്തിൽ പിന്നോക്ക മേഖലയായിരുന്ന സംസ്ഥാനത്തെ വികസനകാര്യത്തിൽ മുന്നിലെത്തിക്കാൻ കഴിഞ്ഞു.മുൻകോൺഗ്രസ‌് നേതാവായ അജിത‌്ജോഗി മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നതും കോൺഗ്രസിനെയാണ‌്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പല്ലും നഖവും ഉപയോഗിച്ച‌് എതിർക്കുമെന്ന‌് അജിത‌് ജോഗി പറഞ്ഞു. ഛത്തീസ‌്ഗഡിൽ കോൺഗ്രസിനു നേതൃത്വമോ സംഘടനയോ ഇല്ല. ഇവിടെ ജെസിസി– ബിഎസ‌്പി സഖ്യവും ബിജെപിയും തമ്മിലാണ‌് മത്സരം. സോണിയഗാന്ധിയുടെ കുടുംബത്തിലെ ആർക്കും എതിരായി സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ‌്ഗഡിലെ ആദ്യ മുഖ്യന്ത്രിയായ അജിത‌്ജോഗി കോൺഗ്രസ‌് വിട്ട‌് 2016ലാണ‌് പുതിയ പാർടി രൂപീകരിച്ചത‌്. അതേസമയം അജിത‌്ജോഗിയുടെ കുടുംബത്തിലെ നാല‌് പേർ മൂന്ന‌് പാർടികളിലാണ‌്. ജോഗിയും മകൻ അമിതും ജെസിസിയിലും ഭാര്യ രേണു കോൺഗ്രസിലും മരുമകൾ റിച്ച ബിഎസ‌്പിയിലും. ഛത്തീസ‌്ഗഡിലെ നക‌്സൽബാധിതമേഖലകളിലെ 18 മണ്ഡലങ്ങളിൽ നവംബർ 12നാണ‌് വോട്ടെടുപ്പ‌്; ശേഷിക്കുന്ന 78 മണ്ഡലങ്ങളിൽ നവംബർ 20നും.