ശ്രീലങ്കയിൽ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു: വെടിവയ്‌പിൽ ഒരാൾ കൊല്ലപ്പെട്ടു

കൊളംബോ: ശ്രീലങ്കയിൽ ഭരണ പ്രതിസന്ധി തുടരവേ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ അനുകൂലിക്കുന്ന ജനക്കൂട്ടത്തിന് നേരെ പെട്രോളിയം മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ അർജുന രണതുംഗയുടെ സുരക്ഷാ ഉദ്യോഗസ്ഥർ വെടി വച്ചതിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അതേസമയം, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയെ പിന്തുണച്ച് സ്പീക്കർ കാരു ജയസൂര്യ പ്ര​സി​ഡ​ന്റ് ​സി​രി​സേ​ന​യ്‌ക്ക് കത്ത് നൽകി.

വിക്രമസിംഗെയുടെ പക്ഷക്കാരനായ രണതുംഗെയുടെ ഓഫീസിൽ ഇന്നലെ വൈകിട്ട് ജനക്കൂട്ടം അതിക്രമിച്ച് കയറാൻ ശ്രമിച്ചപ്പോഴാണ് അംഗരക്ഷകർ വെടിവച്ചത്. മീലി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.സുരക്ഷാ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. ഭരണപ്രതിസന്ധിയിലായ ശേഷം ശ്രീലങ്കയിലുണ്ടായ ആദ്യ അക്രമ സംഭവമാണിത്.

രാജ്യത്തെ നിയമാനുസൃതമായ പ്രധാനമന്ത്രി വിക്രമസിംഗെയാണെന്നും മറ്റൊരു പാർട്ടി പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കുന്നതുവരെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള തന്റെ സുരക്ഷയും അവകാശവും സംരക്ഷിക്കണമെന്ന വിക്രമസിംഗയുടെ ആവശ്യം ന്യായമാണെന്നും സ്‌പീക്കറുടെ കത്തിൽ പറയുന്നു.സർക്കാർ അധികാരത്തിൽ വന്നത് ഭൂരിപക്ഷത്തോടെയാണെന്നും അതിനാൽ പ്രസിഡന്റിന്റെ നടപടി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സ്പീക്കർ കത്തിൽ ചൂണ്ടിക്കാട്ടി. പാർലമെന്റ് നടപടികൾ മരവിപ്പിക്കുന്നതിന് മുമ്പ് സ്പീക്കറുമായി ചർച്ച ചെയ്യണമായിരുന്നു.ഏകപക്ഷീയമായ ആ തീരുമാനം പുനഃപരിശോധിക്കണം – ജയ​സൂര്യ കത്തിൽ വ്യക്തമാക്കി.വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടി (യു.എൻ.പി ) അംഗമാണ് സ്പീക്കർ കാരു ജയസൂര്യ.

© 2024 Live Kerala News. All Rights Reserved.