രാഹുൽ ഈശ്വർ തന്ത്രികുടുംബത്തിന്റെ പ്രതിനിധിയല്ല; സന്നിധാനം കളങ്കപ്പെടുത്തുന്ന നടപടികളോട്‌ യോജിപ്പില്ല: തന്ത്രികുടുംബം

പത്തനംതിട്ട > രാഹുൽ ഈശ്വറിന് ആചാരാനുഷ്ഠാന കാര്യങ്ങളിൽ ശബരിമലയുമായോ തന്ത്രികുടുംബവുമായോ യാതൊരുബന്ധവുമില്ലെന്ന്‌ തന്ത്രികുടുംബം. രാഹുലിന്റെ അഭിപ്രായങ്ങളോടും നടപടികളോടും തങ്ങൾക്ക് യോജിപ്പില്ലെന്നും തന്ത്രികുടുംബത്തിൽ രാഹുലിന്‌ ഒരു പിൻതുടർച്ചാവകാശവുമില്ലെന്നും തന്ത്രികുടുംബം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ദേവസ്വംബോർഡുമായി നല്ല ബന്ധത്തിലാണ് തന്ത്രികുടുംബം ഇതുവരെയുംപ്രവർത്തിച്ചിട്ടുളളത്. തുടർന്നും അങ്ങനെ തന്നെയായിരിക്കും. തന്ത്രിസമൂഹം വിശ്വാസത്തിലും അനുഷ്ഠാനത്തിലും ഉറച്ചുനിൽക്കും. എന്നാൽ വിശ്വാസത്തിന്റെ പേരിൽ സംഘർഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കുകയല്ല വേണ്ടതെന്നും തന്ത്രികുടുംബം പത്രക്കുറിപ്പിൽ പറഞ്ഞു. രാഹുൽ ഈശ്വറിന്റേതായി വരുന്ന വാർത്തകളും സമീപനങ്ങളും തന്ത്രികുടുംബത്തിന്റെ നിലപാടാണെന്ന ധാരണ പരന്നിട്ടുണ്ട്. ഇത്‌ ശരിയല്ലെന്നും തന്ത്രികുടുംബം അറിയിച്ചു.

സർക്കാരുമായോ ദേവസ്വം ബോർഡുമായോ ഒരു തരത്തിലുമുളള വിയോജിപ്പും ഇല്ല. ഭക്തജനങ്ങളുടെ ഐശ്വരൃമാണ് ഞങ്ങളുടെ ലക്ഷ്യം. സന്നിധാനം സമാധാനത്തിന്റെയും ഭക്തിയുടേയും സ്ഥാനമായി നിലനിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അവിടെ കളങ്കിതമായ ഒന്നും സംഭവിക്കാൻ പാടില്ല. അയ്യപ്പസന്നിധിയുടെ മഹത്വം കാത്തുസൂക്ഷിക്കാൻ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയുമാണ് വേണ്ടത്. അത്‌ കളങ്കപ്പെടുത്തുന്ന നടപടികളോടൊന്നും ഞങ്ങൾക്ക് യോജിപ്പില്ല. ‐ പത്രക്കുറിപ്പിൽ പറയുന്നു. അയ്യപ്പസന്നിധിയുടെ മഹത്വം കാത്തുസൂക്ഷിക്കാൻ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയുമാണ്‌ വേണ്ടതെന്നും തന്ത്രികുടുംബം ആവശ്യപ്പെട്ടു.