ലോക്‌സഭാ തിരഞ്ഞെടുപ്പ്; തുല്യസീറ്റ് പങ്കിടാൻ ബി.ജെ.പി- ജെ.ഡി.യു

ന്യൂഡൽഹി: അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞടുപ്പിൽ ബിഹാറിൽ ബി.ജെ.പിയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും തുല്യ സീറ്റുകളിൽ മത്സരിക്കാൻ ധാരണയായി. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സീറ്റുകൾ തുല്യമായി പങ്കുവയ്ക്കുമെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി. മറ്റ് എൻ.ഡി.എ ഘടകകക്ഷികളായ രാഷ്ട്രീയ ലോകസമത പാർട്ടി, ലോക ജനശക്തി പാർട്ടി എന്നിവയ്ക്ക് പ്രാതിനിധ്യം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിതീഷ് കുമാറും അമിത് ഷായും ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനമുണ്ടായത്.

എത്ര വീതം സീറ്റുകളിലാണ് മത്സരിക്കുക എന്നകാര്യം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു. എൽ.ജെ.പി നേതാവ് റാംവിലാസ് പാസ്വാനും ആർ.എൽ.എസ്.പി നേതാവ് ഉപേന്ദ്ര ഖുഷ്‌വാഹയും എൻ.ഡി.എയ്ക്കൊപ്പമാണെന്നും നേതാക്കൾ പറഞ്ഞു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 29 സീറ്റുകളിൽ 22 ലും ബി.ജെ.പി വിജയിച്ചിരുന്നു. കോൺഗ്രസ് ഉൾപ്പെട്ട മഹാസഖ്യം ഉപേക്ഷിച്ചാണ് നിതീഷ് കുമാർ ബി.ജെ.പിക്കൊപ്പം ചേർന്നത്.

© 2024 Live Kerala News. All Rights Reserved.