തീരമേഖലയിലെ വറുതിക്ക് അറുതി; ട്രോളിംഗ് നാളെ അവസാനിക്കും

കൊല്ലം :വര്‍ഷകാല ട്രോളിംഗ് നിരോധനം നാളെ  അവസാനിക്കും. മീന്‍പിടുത്ത ബോട്ടുകള്‍ കടലില്‍ പോകാതിരിക്കാന്‍ നീണ്ടകര പാലത്തിന് താഴെ ബന്ധിച്ചിരുന്ന  ചങ്ങലകള്‍ നാളെ രാത്രിയില്‍ അഴിച്ചുമാറ്റും. ദക്ഷിണ കേരളത്തിലെ മത്സ്യബന്ധനത്തിന്റെ സിരാകേന്ദ്രങ്ങളായ നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങളില്‍ നിന്നും 31 ന് രാത്രി കടലിലേക്ക് പോകാന്‍ മത്സ്യബന്ധന ബോട്ടുകളെല്ലാം തയ്യാറെടുത്തു കഴിഞ്ഞു. ഫിഷറീസ് വകുപ്പില്‍ രജിസ്‌ട്രേനുള്ള 1150 ബോട്ടുകളാണ് ജില്ലയിലുള്ളത്. ഇവയില്‍ 90 ശതമാനം ബോട്ടുകളും ആദ്യദിവസം തന്നെ കടലില്‍ പോകും. നീണ്ടകര, ശക്തികുളങ്ങര, അഴീക്കല്‍, ആലപ്പാട് എന്നിവിടങ്ങളിലായി 37 കി.മീ. നീളത്തിലാണ് കൊല്ലം തീരം കണക്കാപ്പെട്ടിട്ടുള്ളത്.
നിരോധനത്തെ തുടര്‍ന്ന്  നാട്ടിലേക്ക് പോയിരുന്ന തൊഴിലാളികളൊക്കെ വന്നു തുടങ്ങി. തദ്ദേശിയരെ കൂടാതെ കുളച്ചല്‍, മാര്‍ത്താണ്ഡം, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികളും ഏറെയുണ്ട്. യാതൊരു സംഘര്‍ഷത്തിനും ഇടയില്ലാടെയായിരുന്നു ഇക്കൊല്ലത്തെ 47 ദിവസം നീണ്ട ട്രോളിംഗ് നിരോധനം കടന്നു പോയത്. ട്രോളിംഗ് നിരോധനം അവസാനിച്ച് മത്സ്യതൊഴിലാളികളും ചുമട്ടുകാരും  ഏജന്റന്‍മാരും എല്ലാമെത്തുന്നതോടെ നാളെ മുതല്‍ തുറമുഖങ്ങള്‍ സജീവമാകും.    ഭൂരിഭാഗം ബോട്ടുകളുടെയും അറ്റകുറ്റ പണികള്‍ക്കായി ട്രോളിംഗ് നിരോധനകാലം ബോട്ടുടമകള്‍ പ്രയോജനപ്പെടുത്തിയിരുന്നു. വലയുള്‍പ്പെടെയുള്ള മത്സ്യബന്ധന ഇപകരണങ്ങളുടെ അറ്റകുറ്റ പണികളും നടത്തി. നീലയും, മഞ്ഞയും അടിച്ച യൂണിഫോംനിറത്തിലെത്തുന്ന ബോട്ടുകളും നിരവധിയാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള കളര്‍ കോഡിംഗിന്റെ ഭാഗമായാണ് യൂണിഫോം നിറത്തില്‍ ബോട്ടുകള്‍ മാറുന്നത്. വീല്‍ ഹൗസിന് മഞ്ഞയും ബാക്കിഭാഗത്ത് കടുംനീലയുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിരക്കുന്ന ഏകീകൃത നിറം. കടല്‍ കൊള്ളക്കാരുടെയും, അന്യസംസ്ഥാനക്കാരുടെയും ബോട്ടുകലില്‍ നിന്നും തിരിച്ചറിയാന്‍ ഈ ഏകീകൃത നിരം സഹായകമാകും.
ശക്തികുളങ്ങരയിലേയും നീണ്ടകരയിലേയും ഐസ് പ്ലാന്റുകളില്‍ നിന്നും ബോട്ടുകളില്‍ ഐസ് നിറച്ചു തുടങ്ങി. ദിവസങ്ങളോളം ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടുകളിലാണ് ഐസ് നിറയ്ക്കുന്നത്. ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യതൊഴിലാളികള്‍ക്ക് 47 ദിവസം സൗജന്യ റേഷന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.