കോപ്രായങ്ങൾ കണ്ട‌് ചൂളിപ്പോകുന്ന സർക്കാരല്ല ഇത്‌; മതനിരപേക്ഷ മനസ്സുള്ളവർ ഒന്നിച്ചാൽ മഹാശക്തി: പിണറായി വിജയൻ

കോട്ടയം > നവോത്ഥാന മുന്നേറ്റങ്ങളോട‌് മുൻകാലങ്ങളിലുണ്ടായ എതിർപ്പുകൾ കണ്ട‌് അന്നത്തെ നവോത്ഥാന നായകർ പിന്നോട്ടുപോയിരുന്നെങ്കിൽ ഇന്നത്തെ കേരളം ഉണ്ടാകുമായിരുന്നില്ലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമല വിഷയത്തിൽ സംഘപരിവാറിന്റെയും കോൺഗ്രസിന്റെയും കോപ്രായങ്ങൾ കണ്ട‌് ചൂളിപ്പോകുന്ന സർക്കാരല്ല ഇത്‌. കേരളത്തിന്റെ മതിനിരപേക്ഷ മനസ്സിൽ സർക്കാരിന‌് വിശ്വാസം ഉണ്ട‌്. ഈ വിഷയത്തിൽ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നവരും വസ‌്തുതകൾ മനസ്സിലാക്കി മതനിരപേക്ഷ ചിന്താഗതികൾക്കൊപ്പം വരണം. ഇപ്പോൾ ഇക്കാര്യത്തിൽ നിലപാട‌് വ്യക്തമാക്കിയ മതനിരപേക്ഷ മനസ്സുള്ളവർ ഒന്നിച്ചാൽ മഹാശക്തിയാണെന്നും കോട്ടയത്തെ ബഹുജനറാലി ഉദ‌്ഘാടനം ചെയ‌്ത‌് അദ്ദേഹം പറഞ്ഞു.

വഴിനടക്കാനും ക്ഷേത്രപ്രവേശനത്തിനും വിധവാ വിവാഹത്തിനും നായർ സ‌്ത്രീകളുമായി ബ്രാഹ്മണർ നടത്തിയിരുന്ന സംബന്ധം അവസാനിപ്പിക്കാനും മാറുമറച്ചുള്ള വസ‌്ത്രധാരണത്തിനുമെല്ലാം സമരം നടന്നു. ഇതാണ‌് നവോത്ഥാന മുന്നേറ്റങ്ങൾക്ക‌് വഴികാട്ടിയായത‌്. അന്നും ശക്തമായ എതിർപ്പുകൾ വന്നു.

ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി, കെ കേളപ്പൻ, പി കൃഷ‌്ണപിള്ള, എ കെ ജി, ഇ എം എസ‌്, വി ടി ഭട്ടതിരിപ്പാട‌് എന്നിവർ ഈ സാമൂഹ്യ പരിഷ‌്ക്കരണത്തിനായി മുന്നിൽവന്നു. ഈ പരിഷ‌്ക്കാരങ്ങളുടെ ഗുണം അനുഭവിക്കേണ്ടവർ തന്നെ അന്നും എതിർപ്പുമായി വന്നു. മന്നത്തുപത്മനാഭനെ പോലുള്ള സമുദായ നേതാക്കളും പരിഷ‌്ക്കരണ സമരങ്ങളിൽ പങ്കാളികളായി.

മാറുമറച്ചവരുടെ വസ‌്ത്രം സ‌്ത്രീകൾ തന്നെ വലിച്ചുകീറി. പി കൃഷ‌്ണപിള്ള ഗുരുവായൂർ അമ്പലത്തിൽ കയറി ക്ഷേത്ര മണി അടിച്ചു. ആ സമരഫലമായി ക്ഷേത്രത്തിൽ കയറാൻ അവസരം കിട്ടേണ്ട നായന്മാർ അദ്ദേഹത്തിന്റെ പുറത്തടിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത‌് പ്രസിദ്ധമാണ‌്: ‘‘ ഉശിരുള്ള നായന്മാർ മണിയടിക്കും….’’ ബാക്കി പറയുന്നില്ല. യാഥാസ്ഥിതികരായവർ അന്നും പരിഷ‌്ക്കാരങ്ങളെ എതിർത്തു. ഭ്രാന്താലയം എന്ന‌് വിശേഷിപ്പിക്കപ്പെട്ട നാടിനെ നവോത്ഥാന നായകർ മുന്നോട്ടുകൊണ്ടുപോയി. അവർക്കൊപ്പം നാടുനിന്നു. എല്ലാ വിഭാഗത്തിലും മാറ്റം വന്നു. ഇക്കാര്യത്തിലും അതുതന്നെയാണ‌് സംഭവിക്കുന്നത‌്.

കേരളം വ്യത്യസ്തമായാണ‌് നടന്നത‌്. മതനിരപേക്ഷത പൂർണമായി സംരക്ഷിച്ചു മുന്നോട്ടുകൊണ്ടുപോകണം. ശബരിമല വിധിയിൽ ജനാധിപത്യത്തെയും ഭരണഘടനയെയും അംഗീകരിക്കുന്ന സർക്കാരിന‌് ഇതേ ചെയ്യാനാകൂ. എൽഡിഎഫ‌് സർക്കാർ അല്ലായിരുന്നെങ്കിലും മറ്റൊന്നും ചെയ്യാനാകില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച‌് വർഗീയത പടർത്താനാണ‌് ബിജെപി ശ്രമിക്കുന്നത‌്. കോൺഗ്രസ‌ാകട്ടെ ബിജെപിയെ ഒരിടത്താവളമായി കേരളത്തിൽ കാണുന്നു – പിണറായി വിജയൻ പറഞ്ഞു.