തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. വിദേശ പര്യടത്തിനായതിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ അഭാവത്തിലാണ് സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലിയുള്ള വിവാദങ്ങൾ സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.
വിഷയത്തെ രാഷ്ട്രീയമായി നേരിടാനും ആശയ പ്രചാരണം ശക്തമാക്കാനും നേരത്തെ സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. എന്നാൽ പ്രതിഷേധങ്ങൾ വളരാനിടയാക്കിയത് ദേവസ്വം ബോർഡിന്‍റെയും സർക്കാരിന്‍റെയും ചില പാളിച്ചകളാണെന്ന് പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്.
അതേസമയം, ശബരിമല വിഷയത്തിൽ നിലപാട് മയപ്പെടുത്തി ദേവസ്വം മന്ത്രി രംഗത്ത് വന്നു. ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് റിവ്യൂ ഹർജി നൽകിയാൽ സ്വാഗതം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ബോർഡിന് സ്വതന്ത്രമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. റിവ്യൂ ഹർജികൾ നൽകുന്നതിനെ സർക്കാർ എതിർത്തിട്ടില്ല. സമാധാന അന്തരീക്ഷം തിരികെ കൊണ്ടു വരാനാണ് ദേവസ്വം ബോർഡ് ആഗ്രഹിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.