കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിൽ അറസ്റ്റിലായി റിമാൻഡിലായിരുന്ന ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, കേരളത്തിൽ പ്രവേശിക്കരുത് എന്നീ നിബന്ധനകൾ പാലിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്പോൾ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.
അന്വേഷണത്തെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്നും കേസിലെ സാക്ഷികളുടെ രഹസ്യമൊഴികളെല്ലാം രേഖപ്പെടുത്തി കഴിഞ്ഞുവെന്നും ഇനിയും കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്നും ബിഷപ്പിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
കേസിൽ ഇടപെടാൻ ഒരു ശ്രമവും നടത്തില്ല. വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലുള്ള കള്ളക്കേസാണ് പരാതിക്കാരി നൽകിയിരിക്കുന്നതെന്നും ബിഷപ് കോടതിയെ അറിയിച്ചു. അതേസമയം പ്രോസിക്യൂഷൻ ഇന്നും ബിഷപ്പിന്‍റെ ജാമ്യാപേക്ഷയെ എതിർത്തുവെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. കന്യാസ്ത്രീയുടെ പരാതിയിൽ സെപ്റ്റംബർ 21-നാണ് ഡോ.ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായത്.