ലുബാന്‍ കൊടുങ്കാറ്റ് യമനിലേയ്ക്ക് കടന്നു; വന്‍ നാശം വിതക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഒമാന്‍: ലുബാന്‍ കൊടുങ്കാറ്റ് യമനിലേക്ക് കടന്നതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാറ്റിന്റെ വേഗതയില്‍ കുറവു വന്നിട്ടുണ്ട്. യമനിലെ ഹളറമൗത്തില്‍ കാറ്റ് നാശം വിതക്കാന്‍ സാധ്യതയുണ്ട്. ഒമാനിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. നഗര പ്രദേശങ്ങളില്‍ ചെറിയ കാറ്റും മഴയും ഇന്നും നാളെയും ഉണ്ടാകുമെന്ന് അതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നു.

ശക്തമായ മഴയാണ് ഒമാന്‍ തീരത്ത് കൊടുങ്കാറ്റ് ഉണ്ടാക്കിയത്. 83 മുതല്‍ 102 കിലോമീറ്റര്‍ വരെയായിരുന്നു ഇവിടെ കാറ്റിന്റെ വേഗത. സലാല ഉള്‍പ്പെടുന്ന നഗര പ്രദേശങ്ങളില്‍ ഇടവിട്ട മഴ ലഭിച്ചിരുന്നു. ഹാസിഖ് സദ തുടങ്ങിയ ഭാഗങ്ങളില്‍ കാറ്റോടു കൂടിയ ശക്തമായ മഴയാണ് പെയ്തത്. ദോഫാര്‍ തീരത്ത് കൂടിയാണ് കാറ്റ് യമനിലേക്ക് പ്രവേശിച്ചത്. ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി ഇത് സംബന്ധിച്ച്‌ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ ശക്തമായ മുന്‍ കരുതലുകളാണ് സ്വീകരിച്ചിരുന്നു.