കളരിപ്പയറ്റ് അഭ്യസിക്കാന്‍ കങ്കണ കോഴിക്കോട്ടേക്ക്..

അഭിനയിക്കുന്ന വേഷത്തിന് നൂറ് ശതമാനവും കൃത്യത വേണമെന്ന് ശാഠ്യമുള്ള ബോളിവുഡ് നടിയാണ് കങ്കണ റോണത്. തന്റെ അടുത്ത ചിത്രത്തിന് വേണ്ടി ആയോധന കലകൾ പഠിക്കുന്നതിന്റെ തിരക്കിലാണ് താരം ഇപ്പോൾ. വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്ന രങ്കൂൺ എന്ന ചിത്രത്തിന് വേണ്ടിയാണ് കങ്കണ ഇവ പരിശീലിക്കുന്നത്. സാജിദ് നദിയാദ്‌വാലയാണ് ചിത്രത്തിന്റെ നിർമാതാവ്. സെയിഫ് അലി ഖാനും ഷാഹിദ് കപൂറും കങ്കണയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ.

ന്യൂയോർക്കിലെ ബ്രോഡ്‌വെയിലുള്ള ഒരു സിനിമാനടിയായ ജൂലിയയുടെ വേഷമാണ് കങ്കണ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരേ സമയം ഒരു സിനിമയിൽ മാത്രം അഭിനയിക്കുന്ന നടിയാണ് ജൂലിയ. സിനിമയിലെ വേഷം ഭംഗിയാക്കാനായി എത്രത്തോളം  മുന്നൊരുക്കം നടത്താനും ജൂലിയയ്ക്ക് യാതൊരു മടിയുമില്ല. ഇത്തരത്തിലുള്ള നിരവധി വ്യത്യസ്തമായ വേഷങ്ങളാണ് ചിത്രത്തിൽ കങ്കണയ്ക്ക് അവതരിപ്പിക്കേണ്ടതായുള്ളത്. അതിനാൽ തന്നെ കഥാപാത്രത്തിന് ആവശ്യമായ പല കാര്യങ്ങളും പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് കങ്കണ.

ഇതിന്റെ ഭാഗമായി ബ്രോ‌ഡ്‌വെയിലെത്തിയ കങ്കണ അവിടുത്തെ രീതികളെല്ലാം സൂക്ഷ്മമായി നോക്കി മനസിലാക്കിയിട്ടുണ്ട്.  നൃത്തം, ആക്ഷൻ എന്നിവയാണ് താരം പുതിയതായി പഠിക്കുന്നത്. ഇപ്പോൾ മോഡേൺ നൃത്ത ഇനങ്ങളും ബാലറ്റ് ഡാൻസുമാണ് കങ്കണ പഠിക്കുന്നത്. വിവിധ നൃത്ത രൂപങ്ങൾ പഠിപ്പിക്കാനൊരു അദ്ധ്യാപകനേയും കങ്കണ ഏർപ്പാടാക്കിയിട്ടുണ്ട്.  ചിത്രത്തിൽ താരം വാൾപ്പയറ്റും കുതിരസവാരിയും അവതരിപ്പിക്കേണ്ടതായുണ്ട്. അതിനാൽ ഇവയും താരം പഠിക്കും. കേരളത്തിലെ  ഒരു ആശ്രമത്തിലെ ആയോധനകല പഠിപ്പിക്കുന്ന അദ്ധ്യാപകരാണ്  താരത്തെ വാൾപ്പയറ്റ് പഠിപ്പിക്കുന്നത്. ഇതോടൊപ്പം ജയ്പൂരിൽ നിന്ന് കങ്കണ കുതിരസവാരിയും പഠിക്കും.

© 2024 Live Kerala News. All Rights Reserved.