തൂക്കിലേറ്റും മുന്‍പ് യാക്കൂബിന് കുടുംബത്തിന്റെ വക ജന്മദിനകേക്ക്

 

നാഗ്പൂര്‍: അന്‍പത്തിമൂന്നാം ജന്മദിനത്തിന്റെ അന്നുതന്നെ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന് കുടുംബം ജന്മദിനകേക്ക് അയച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അര്‍ധരാത്രിയാണ് കുടുംബാംഗങ്ങള്‍ കേക്ക് അയച്ചു നല്‍കിയത്. 1993ലെ മുംബൈ ഭീകരാക്രമണക്കേസില്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 6.43ന് മേമനെ തൂക്കിലേറ്റി.

ഇന്നലെ ഒരു ദിവസം മുഴുവനും പ്രതീക്ഷയോടെയാണ് മേമന്‍ കുടുംബം കഴിഞ്ഞിരുന്നത്. പുലര്‍ച്ചെ മൂന്നിന് സുപ്രീംകോടതിയില്‍ പ്രത്യേക വാദം നടന്നപ്പോള്‍ ശിക്ഷ റദ്ദാക്കുമെന്ന് ഇവര്‍ പ്രതീക്ഷിച്ചു. ദയാഹര്‍ജിയില്‍ രാഷ്ട്രപതി രാത്രിയില്‍ തീരുമാനം എടുക്കരുതെന്നും 14 ദിവസത്തേക്ക് വധശിക്ഷ സ്റ്റേചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മേമന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. 90 മിനിറ്റ് നീണ്ടുനിന്ന വാദത്തിനുശേഷം സുപ്രീംകോടതി ദയാഹര്‍ജി തള്ളി.

ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് നാഗ്പൂര്‍ ജയിലിനു മുന്നിലും മുംബൈയിലെ മേമന്റെ വീടിനു മുന്നിലും സുരക്ഷ ശക്തമാക്കി. മേമന്റെ സഹോദരന്‍ സുലൈമാനും ബന്ധു ഉസ്മാനും ഇന്നലെ തന്നെ ഹോട്ടലിലെത്തി താമസിച്ചിരുന്നു. യാക്കൂബ് മേമനൊപ്പം കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മാതാവ് ഹനീഫ്, സഹോദരന്‍ സുലൈമാന്‍, യാക്കൂബിന്റെ ഭാര്യ രഹിന്‍ എന്നിവരെ കേസില്‍ തെളിവില്ലെന്നു കണ്ടു വിട്ടയച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.