ചരിത്ര നേട്ടവുമായി മനു ഭാകര്‍; യൂത്ത് ഒളിംപിക്സ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം

അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കുന്ന യൂത്ത് ഒളിംപിക്സില്‍ ഇന്ത്യയുടെ മനു ഭാക്കറിന് സ്വര്‍ണം. ഷൂട്ടിങ്ങില്‍ പത്തുമീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തിലാണ് മനു ഭാക്കര്‍ സ്വര്‍ണം നേടിയത്. യൂത്ത് ഒളിംപിക്സില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണനേട്ടമാണിത്. 236.5 പോയിന്റുമായാണ് മനുവിന്റെ നേട്ടം. 235.9 പോയിന്റുകളോടെ റഷ്യയുടെ ലാന എനിനയാണ് വെള്ളി നേടിയത്. നിനോ ഖുട്‌സിബെറീട്‌സിനാണ് വെങ്കലം.

ആദ്യമായാണ് യൂത്ത് ഒളിംപിക്സില്‍ ഇന്ത്യന്‍ പെണ്‍കുട്ടി സ്വര്‍ണം നേടുന്നത്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ നിരാശ മറയ്ക്കുന്ന പ്രകടനമാണ് മനു ബ്യൂണസ് ഐറിസില്‍ പുറത്തെടുത്തത്. ഷൂട്ടിങ് ലോകകപ്പിലും കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ താരമാണ് ഹരിയാന സ്വദേശിനിയായ മനു ഭാകര്‍. 2017 ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മനു ഭാകര്‍ വെള്ളി നേടിയിരുന്നു.

ഉദ്ഘാടന ചടങ്ങില്‍ മനു ഭാക്കറാണ് ഇന്ത്യന്‍ പതാകയേന്തിയത്. ആണ്‍കുട്ടികളുടെ ഭാരോദ്വഹനത്തില്‍ ജെറമി ലാൽറിൻനുങ്കയാണ് യൂത്ത് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയിയത്. രണ്ട് സ്വര്‍ണം ഉള്‍പ്പടെ അഞ്ചു മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. റഷ്യയാണ് ഒന്നാം സ്ഥാനത്ത്.

© 2024 Live Kerala News. All Rights Reserved.