ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിക്കെതിരെ ആർ.എസ്.എസും ബി.ജെ.പിയും കൈക്കൊണ്ട നിലപാടിൽ ആത്മാർത്ഥതയുണ്ടെങ്കിൽ മോദി സർക്കാർ നിയമനിർമാണം നടത്തണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. ബി.ജെ.പിക്ക് ലോക്സഭയിൽ തനിച്ച് നിയമനിർമാണം നടത്താനുള്ള ഭൂരിപക്ഷമുള്ളതിനാൽ ശബരിമലയിലെടുത്ത നിലപാട് നടപ്പിൽവരുത്താൻ അവർക്ക് കഴിയുമെന്ന് കേന്ദ്ര കമ്മിറ്റി യോഗം വിശദീകരിച്ച് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ സി.പി.എം സ്വാഗതംചെയ്യുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനം ഉറപ്പാക്കുന്ന സുപ്രീംകോടതി വിധി വനിതകളുടെ തുല്യാവകാശം ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക മാത്രമാണു ബിജെപിയുടെ ലക്ഷ്യമെന്നും യച്ചൂരി ആരോപിച്ചു. സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണു സുപ്രീംകോടതി വിധി. ആർഎസ്എസിനെ സഹായിക്കാനാണു കോൺഗ്രസ് തെരുവിലിറങ്ങിയിട്ടുള്ളതെന്നും സിപിഎം അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് തെരുവിലിറങ്ങിയത് ആർ.എസ്.എസിനെ സഹായിക്കാന്‍ മാത്രമാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് സുപ്രീംകോടതി വിധിയെ അനുകൂലിക്കുകയും കേരളത്തില്‍ മറ്റൊരു നിലപാട് എടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ഇതും വോട്ട് ലക്ഷ്യംവെച്ചുള്ളതാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ആർ.എസ്.എസും ഒരുപോലെ സമത്വത്തെയും മതേതര മൂല്യങ്ങളെയും വെല്ലുവിളിക്കുകയാണെന്നും യച്ചൂരി കൂട്ടിച്ചേർത്തു.