ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഐ. എസ്. ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

 

വാഷിംഗ്ടണ്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സംഘടനയുടെ ആഭ്യന്തര റിക്രൂട്ട്‌മെന്റ് രേഖ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങളാണ് വാര്‍ത്തപുറത്തുവിട്ടത്.

പാകിസ്താനിലെ ഗോത്രമേഖലയില്‍ നിന്നാണ് 32 പേജുള്ള ഉര്‍ദുവിലുള്ള രേഖലഭിച്ചത്. ഐ.എസ്. ഖലീഫയുടെ ഹ്രസ്വ ചരിത്രം എന്ന് പേരിട്ട രേഖ താലിബാനുമായി ബന്ധമുള്ള പാക് പൗരനാണ് അമേരിക്കന്‍ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്( എ.എം.ഐ.) കൈമാറിയത്. പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും താലിബാനുകളെ ഒന്നിപ്പിച്ച് ഒറ്റ ഭീകരസംഘമാക്കാനും രേഖയില്‍ നിര്‍ദേശമുണ്ട്.
മുഴുവന്‍ലോകവും പിടിച്ചടക്കുകയും അല്ലാഹുവിന്റെ അവസാന ശത്രുവിന്റെ കഴുത്തറക്കുകയും ചെയ്യുന്നതുവരെ ഐ.എസ്. ഖലീഫ നിലനില്‍ക്കുമെന്ന് രേഖ അവകാശപ്പെടുന്നു.

ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിന് പദ്ധതികളൊരുങ്ങുന്നുണ്ട്. ഇത് അമേരിക്കയുമായുള്ള യുദ്ധത്തില്‍ കലാശിക്കണമെന്നാണ് ഐ. എസ്. ആഗ്രഹിക്കുന്നത്. അമേരിക്കയും അവരുടെ എല്ലാ സഖ്യകക്ഷികളുംചേര്‍ന്ന് തിരിച്ചടിച്ചാലും ആഗോള മുസ്ലിം സമൂഹം ഒന്നിക്കുകയും അത് അന്ത്യയുദ്ധത്തില്‍ കലാശിക്കുമെന്നും രേഖ പറയുന്നു. അഫ്ഗാനിസ്താനില്‍നിന്ന് അമേരിക്ക പിന്‍വാങ്ങിയാല്‍ അവരുടെ സൈനികരെയും നയതന്ത്രപ്രധിനിധികളെയും പാകിസ്താന്‍ ഉദ്യോഗസ്ഥരെയും ആക്രമിക്കുന്നതിനുള്ള പദ്ധതിയും രേഖയിലുണ്ട്.

രേഖ പരിശോധിച്ച അമേരിക്കന്‍ രഹസ്യാമ്പേഷണ വിഭാഗം അതിലുപയോഗിച്ചിരിക്കുന്ന ഭാഷ, രീതി, സവിശേഷമായ അടയാളങ്ങള്‍, പ്രയോഗങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആധികാരികമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ ആക്രമണം ഐ.എസ്സിന്റെ പദവി ഉയര്‍ത്തുമെന്നും അത് മേഖലയെ അസ്ഥിരപ്പെടുത്തുമെന്നും മുന്‍ സി.ഐ.എ. ഉദ്യോഗസ്ഥന്‍ ബ്രൂസ് റീഡെല്‍ ചൂണ്ടിക്കാട്ടി.
ജനവരിയില്‍ വിഘടിത പാക് താലിബാന്‍ കമാന്‍ഡറെ അഫ്ഗാനിസ്താനും പാകിസ്താനും ഇന്ത്യയുമടങ്ങുന്ന ഖുറാസാന്‍ മേഖലയുടെ മേധാവിയായി ഐ.എസ്. അവരോധിച്ചിരുന്നു. ഐ.എസ്. ഖലീഫയുടെ അധികാരമേഖല ഖുറാസാനിലേക്ക് വിപുലപ്പെടുത്തിയതായി വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനിയും അറിയിച്ചിരുന്നു. രാജ്യത്തിനെതിരായ ഐ.എസ്. ഭീഷണിയെക്കുറിച്ച് അമേരിക്കയുമായി ചര്‍ച്ചനടത്തിയതായി പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി ഐജാസ് അഹമ്മദ് ചൗധരി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.