ഇന്ത്യയുമായി ചര്‍ച്ചകള്‍ക്കായി അമേരിക്കയുടെ ഇടപെടല്‍ തേടി പാകിസ്താന്‍; ആവശ്യം നിഷേധിച്ച് യു.എസ്

ഇസ്ലാമാബാദ്: ഇന്ത്യയുമായി മധ്യസ്ഥതയ്ക്ക് അമേരിക്ക ഇടപെടണമെന്ന ആവശ്യവുമായി പാകിസ്താന്‍. എന്നാല്‍ പാകിസ്താന്‍ ആവശ്യം അമേരിക്ക നിഷേധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള സാഹചര്യമില്ലാത്തതാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചതെന്നു പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറയുന്നു.

ചൊവ്വാഴ്ച സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഖുറേഷി ഇക്കാര്യമറിയിച്ചത്. വിഷയത്തില്‍ ട്രംപ് ഭരണകൂടത്തില്‍ നിന്നും പിന്തുണ തേടുക മാത്രമാണ് ചെയ്തതെന്നും ഖുറേഷി പറയുന്നു. പ്രശ്‌നം ലഘൂകരിക്കുന്നതിന് ഇടപെടണമെന്ന് യു.എസിനോട് അഭ്യര്‍ത്ഥിച്ചതായും ഖുറേഷി പറയുന്നു.

അഫ്ഗാനിസ്താനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനാലാണ് തങ്ങള്‍ക്ക് കിഴക്കന്‍ അതിര്‍ത്തിയില്‍ സമാധാനം വേണമെന്ന ആഗ്രഹമുള്ളത്. നിയന്ത്രണരേഖയില്‍ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനം മേഖലയിലെ ജീവിതം ദുസ്സഹമാക്കുന്നുണ്ടെന്നും ഖുറേഷി പറഞ്ഞു.