ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലി, ഭാരോദ്വഹന ലോകചാംപ്യന്‍ മീരാഭായ് ചാനു എന്നിവര്‍ക്കു രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. ഏഷ്യന്‍ ഗെയിംസില്‍ ഇരട്ടമെഡല്‍ സ്വന്തമാക്കിയ മലയാളി താരം ജിന്‍സന്‍ ജോണ്‍സണ്‍ ഉള്‍പ്പെടെ 20 താരങ്ങള്‍ക്ക് അര്‍ജുന പുരസ്‌കാരം ലഭിച്ചു. കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരം മലയാളിയായ മുന്‍ ഹൈജംപ് താരം ബോബി അലോഷ്യസിന് ലഭിച്ചു.
ജസ്റ്റിസ് മുകുല്‍ മുദ്ഗല്‍ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടി. 7.5 ലക്ഷം രൂപയാണു ഖേല്‍ രത്‌ന പുരസ്‌കാര തുക. അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ക്ക് 5 ലക്ഷം രൂപയും ലഭിക്കും. 25നു രാഷ്ട്രപതി രാംനാഥ് കോവിന്ദാണു പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.
മറ്റു പുരസ്‌കാരങ്ങള്‍
ധ്യാന്‍ചന്ദ് പുരസ്‌കാരം നേടിയവര്‍
ബോബി അലോഷ്യസ് (അത്‌ലറ്റിക്‌സ്), ഭരത് ഛേത്രി (ഹോക്കി), സത്യദേവ് (ആര്‍ച്ചറി), ദാദു ചൗഗുലേ (ഗുസ്തി).
ദ്രോണാചാര്യ പുരസ്‌കാരം നേടിയവര്‍
വിജയ് ശര്‍മ (ഭാരോദ്വഹനം), തരക് സിന്‍ഹ (ക്രിക്കറ്റ്), ക്ലാരന്‍സോ ലോബോ (ഹോക്കി), ജീവന്‍ ശര്‍മ (ജൂഡോ), സി.എ. കുട്ടപ്പ (ബോക്‌സിങ്), ശ്രീനിവാസ റാവു (ടേബിള്‍ ടെന്നിസ്). സുഖ്‌ദേവ് സിങ് പാന്നു (അത്‌ലറ്റിക്‌സ്), വി.ആര്‍. ബീഡു (അത്‌ലറ്റിക്‌സ്
അര്‍ജുന അവാര്‍ഡ് നേടിയവര്‍
നീരജ് ചോപ്ര, ജിന്‍സന്‍ ജോണ്‍സണ്‍, ഹിമ ദാസ് (അത്‌ലറ്റിക്‌സ്), എന്‍. സിക്കി റെഡ്ഡി (ബാഡ്മിന്റന്‍), സതീഷ്‌കുമാര്‍ (ബോക്‌സിങ്), സ്മൃതി മന്ദാന (ക്രിക്കറ്റ്), ശുഭാംഗര്‍ ശര്‍മ (ഗോള്‍ഫ്), മന്‍പ്രീത് സിങ് (ഹോക്കി), സവിത (ഹോക്കി), രവി റാത്തോഡ് (പോളോ), രാഹി സര്‍നോബത്ത്, അങ്കുര്‍ മിത്തല്‍, ശ്രേയഷി സിങ് (ഷൂട്ടിങ്), മണിക ബത്ര, ജി. സത്യന്‍ (ടേബിള്‍ ടെന്നിസ്), രോഹന്‍ ബൊപ്പണ്ണ (ടെന്നിസ്), സുമിത് (ഗുസ്തി), പൂജ കടിയാന്‍ (വുഷു), അങ്കുര്‍ ധാമ (പാര അത്‌ലറ്റിക്‌സ്), മനോജ് സര്‍ക്കാര്‍ (പാരാ-ബാഡ്മിന്റന്‍).
സച്ചിനും ധോണിയ്ക്കും ശേഷം ഖേല്‍ രത്‌ന ലഭിക്കുന്ന ക്രിക്കറ്റ് താരമായി കൊഹ്‌ലിയും. 1997 ലായിരുന്നു സച്ചിന് രാജ്യം കായികതാരങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതി ലഭിച്ചത്. 2007 ലാണ് ധോണിക്ക് ഖേല്‍ രത്‌ന ലഭിക്കുന്നത്.
48 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയാണ് കഴിഞ്ഞ വര്‍ഷം മീരാഭായ് ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ നേടിയിരുന്നു. എന്നാല്‍ പരുക്ക് മൂലം താരത്തിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമായിരുന്നു.
നേരത്തെ, മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് അര്‍ജ്ജുന അവാര്‍ഡ് ലഭിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം പരിഗണിച്ചാണ് അവാര്‍ഡ്. 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും ജിന്‍സണ്‍ കരസ്ഥമാക്കിയിരുന്നു.