ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കു മറുപടി നല്കാന് ഉദ്ദേശിക്കുന്നില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍പോലും പ്രതിപക്ഷം ചെളി വാരി എറിയുകയാണെന്നും പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി.
യുപിഎ ഭരണകാലത്ത് അംഗീകരിക്കാത്ത കാര്യങ്ങളില്‍പോലും പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവിടെ ഒരു തട്ടിപ്പുണ്ടെന്നു പറഞ്ഞ് ഒരു ആരോപണം ഉന്നയിക്കുകയാണ് അവര്‍ ചെയ്തത്. വ്യോമസേനയുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് അവര്‍ ബോധവാന്മാരല്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
അമേരിക്കയുമായുള്ള ആണവ ഇടപാടിന്റെ കാലത്ത് അന്നത്തെ പ്രധാനമന്ത്രി പ്രതിപക്ഷത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു വിശ്വാസത്തിലെടുത്തതു സംബന്ധിച്ച ചോദ്യത്തിന് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പാര്‍ലമെന്റില്‍ നല്‍കിക്കഴിഞ്ഞെന്നും ഇനി ആ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യില്ലെന്നുമായിരുന്നു നിര്‍മല സീതാരാമന്റെ മറുപടി.
റഫാല്‍ ഇടപാടിനെ ബോഫോഴ്സ് അഴിമതിയുമായി കൂട്ടിച്ചേര്‍ക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങള്‍ വിജയിക്കില്ലെന്നും പിടിഐക്കു നല്കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.