അമേരിക്കയെ ഭീതിയിലാഴ്ത്തി ‘ഫ്‌ളോറന്‍സ്’ ചുഴലിക്കാറ്റ് തീരത്തോട് കൂടുതല്‍ അടുത്തു

ന്യൂയോര്‍ക്ക്: അമേരിക്കയെ ഭീതിയിലാഴ്ത്തി ‘ഫ്‌ളോറന്‍സ്’ ചുഴലിക്കാറ്റ് തീരത്തോട് കൂടുതല്‍ അടുത്തു. ഇന്നലെ മണിക്കൂറില്‍ 175 കിലോമീറ്ററില്‍ വീശിയിരുന്ന ചുഴലിക്കാറ്റിന്റെ വേഗത 165 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തീര പ്രദേശത്ത് താമസിക്കുന്നവര്‍ ഒഴിഞ്ഞ് പോകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാല് മീറ്ററിലധികം ജലനിലപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

നോര്‍ത്ത്, സൗത്ത് കരോലിന, വിര്‍ജീനിയ, മേരിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് 17 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. സൗത്ത് കരോലിനയില്‍ പലയിടത്തും ജലനിരപ്പ് ഉയര്‍ന്നു. മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്ക്, കിഴക്കന്‍ കരോലൈന, മേരിലന്‍ഡ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങളില്‍ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇന്ന് നടത്താനിരുന്ന പ്രധാന പരിപാടികള്‍ ഡൊണാല്‍ഡ് ട്രംപ് റദ്ദാക്കി. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് 38 മുതല്‍ 50 സെന്റീമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.