ഐഎസ്ആര്‍ഒ ചാരക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ നമ്പി നാരായണൻ നൽകിയ ഹര്‍ജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ ഹര്‍ജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും. സിബി മാത്യൂസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നമ്പി നാരായണൻ കോടതിയെ സമീപിച്ചിട്ടുള്ളത്. നമ്പി നാരായണനുള്ള നഷ്ടപരിഹാര തുക ഉയര്‍ത്തുമെന്നും കോടതി നേരത്തെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ കോടതിയാണ് കേസിൽ വിധി പറയുക.

നമ്പി നാരായണന്‍റെ നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി പരാമര്‍ശം നടത്തിയിരുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് നേരത്തെ ഹൈക്കോടതി വിധിച്ചിരുന്നത്.

ഏറെ കോളിളക്കം സൃഷ്ട്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഒരുവിധ തെളിവും ഇല്ലെന്ന് കണ്ടെത്തിയ കേരള ഹൈക്കോടതി 2012ൽ നമ്പി നാരായണനെ വെറുതെ വിട്ടിരുന്നു. എന്നാൽ, ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതിനെതരെയാണ് നമ്പി നാരായണൻ സുപ്രീംകോടതിയെ സമീപിച്ചത്.

നമ്പി നാരായണന് കസ്റ്റഡി പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇതേകുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണത്തിന് തയ്യാറാണെന്നും വാദത്തിനിടെ സിബിഐ അറിയിച്ചിരുന്നു. ഉന്നത വ്യക്തത്വമുള്ള ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്ത് സംശയത്തിന്‍റെ നിഴലിൽ നിര്‍ത്തിയത് അതീവ ഗൗരവമുള്ള വിഷയമാണെന്നും നമ്പി നാരായണന് നീതി കിട്ടണമെന്നും അതിന് കോടതി മറുപടി നൽകിയിരുന്നു.

കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണൻ മാലി സ്വദേശിയായ മറിയം റഷീദ വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ ചോര്‍ത്തി എന്നതായിരുന്നു നമ്പി നാരായണനെതിരെ ഉണ്ടായിരുന്ന കേസ്. ഈ കേസ് കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. കെ കരുണാകരന് ഈ കേസിന്റെ പേരിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഉണ്ടായി.

© 2023 Live Kerala News. All Rights Reserved.