കന്യാസ്ത്രീയുടെ പീഡന പരാതിയിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് ആവര്‍ത്തിച്ച് ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. പൊലീസിന്റ നോട്ടിസ് പ്രകാരം ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകും. ഇതിനായി 19–ാം തീയതിക്ക് മുൻപായി കേരളത്തിലെത്തുമെന്നും ബിഷപ് അറിയിച്ചു.
അതേസമയം, ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ സമർപ്പിച്ച ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിന്‍റെ അന്വേഷണ പുരോഗതി സർക്കാർ കോടതിയിൽ അറിയിക്കും.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീയുടെ കുടുംബം സമർപ്പിച്ച ഹർജി, അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നും സാക്ഷികളായ മറ്റ് കന്യാസ്ത്രീകൾക്ക് സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ടുള്ള ഹർജി, കേസന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹർജി എന്നീ ഹർജികളാണ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.
കേസിന്‍റെ അന്വേഷണ പുരോഗതി സർക്കാർ കോടതിയിൽ അറിയിക്കും. സർക്കാരിന് വേണ്ടി അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് ഇന്ന് കോടതിയിൽ സത്യവാങ്മൂലം നൽകും. മുദ്രവച്ച കവറിലായിരിക്കും ഇതുവരെയുള്ള അന്വേഷണ പുരോഗതി അറിയിക്കുക.