ന്യൂഡല്‍ഹി: ലോക പ്രസിദ്ധ സമ്പന്ന ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി ക്ഷേത്രത്തിന് 16-ാം നൂറ്റാണ്ടില്‍ ദാനം കിട്ടിയ സ്വത്തുക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍.
വിജയനഗരം ഭരിച്ചിരുന്ന കൃഷ്ണദേവരായര്‍ രാജാവ് തിരുപ്പതി ക്ഷേത്രത്തിന് ദാനം നല്‍കിയതായിട്ടുള്ള സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങളാണ് കമ്മീഷന്‍ ക്ഷേത്ര അധികരികളോട് അവശ്യപ്പെട്ടിട്ടുള്ളത്. ബി.കെ.എസ്.ആര്‍ അയ്യങ്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് വിവരാവകാശ കമ്മീഷന്റെ നടപടി.തിരുപതി ക്ഷേത്രം കേന്ദ്ര പൈത്യക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ക്ഷേത്രത്തിന്റെയും സ്വത്തുവകകളുടെയും സംരക്ഷണം സുതാര്യത ഉറപ്പു വരുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ആയിരത്തി അഞ്ഞുറോളം വര്‍ഷം പഴക്കമുള്ള ക്ഷേത്രം വേണ്ട രീതിയില്‍ പരിഗണിക്കപ്പെടുന്നില്ല എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.മാത്രമല്ല, 15-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച വേയി കല്‍മണ്ഡപം 2003 ല്‍ അനാവശ്യമായി ക്ഷേത്രം അധികാരികള്‍ പൊളിച്ചു കളഞ്ഞു എന്ന വാദവും ഹര്‍ജിയിലുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ,സാംസ്‌കാരിക വകുപ്പ്, ആന്ധ്രപ്രദേശ് സര്‍ക്കാര്‍, ക്ഷേത്ര അധികൃതര്‍ എന്നിവരോടാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്.
2011 ലെ പുരാവസ്തു- മ്യൂസിയം ഡയറക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം ക്ഷേത്ര ചുവരുകളില്‍ വിജയനഗര രാജാവ് കൃഷ്ണ ദേവരായര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ദാനം നല്‍കുന്നത് സൂചിപ്പിക്കുന്ന ചിത്രങ്ങളുണ്ട്. എന്നാല്‍ അത്തരത്തില്‍ ഉള്ള ആഭരണങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ ക്ഷേത്രത്തില്‍ ഇല്ല. 1952 മുതല്‍ ക്ഷേത്രത്തില്‍ സൂക്ഷിക്കുന്ന തിരുവാഭരണം രജിസ്റ്ററിലും ഇതിനെ പറ്റി വിവരങ്ങള്‍ ഒന്നും ഇല്ല. എന്നാല്‍ 1939 ല്‍ ആഭരണ കൈമാറ്റം നടന്നുവെന്ന വിവരം രേഖപ്പെടുത്തിയിട്ടുണ്ട്.