ലോക വ്യാപാര സംഘടനയില്‍നിന്നു പിന്‍മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. അമേരിക്കയോടുള്ള സംഘടനയുടെ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പിന്‍മാറ്റമെന്നാണു ട്രംപിന്റെ നിലപാട്. ബ്ലൂംബര്‍ഗ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് അറിയിച്ചത്.
അമേരിക്കയോടു ശരിയായ രീതിയില്‍ അല്ല ലോക വ്യാപാര സംഘടന ഇടപെടുന്നതെന്നാണ് ട്രംപിന്റെ ആരോപണം. ട്രംപിന്റെയും ലോക വ്യാപാര സംഘടനയുടെയും വ്യാപാര നയങ്ങള്‍ തമ്മില്‍ ഒത്തുപോകാത്തതാണ് ട്രംപിന്റെ ഭീഷണിക്കു കാരണമായി വിലയിരുത്തപ്പെടുന്നത്.
ലോക വ്യാപാര സംഘടനയുടെ പ്രശ്‌നപരിഹാര കോടതിയിലേക്കു ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതില്‍നിന്നു യുഎസ് അടുത്തിടെ പിന്‍മാറിയിരുന്നു. ഇക്കാരണത്താല്‍ വിവിധ കേസുകളില്‍ വിധികള്‍ പ്രഖ്യാപിക്കാന്‍ സംഘടനയ്ക്കു കഴിയുന്നില്ല.
ആഗോളവ്യാപാരത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാവസായിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി രൂപീകരിച്ചതാണ് ലോക വ്യാപാര സംഘടന.