പ്രളയക്കെടുതി ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, കക്ഷിനേതാക്കൾ എന്നിവർ സംസാരിക്കും. കേരളത്തിന്റെ പുനർനിർമിതിയെ കുറിച്ചും പ്രളയനാശത്തെ കുറിച്ചും ചർചയുണ്ടാകും. രാവിലെ ഒൻപത് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് സമ്മേളനം. എന്നാല്‍ സമയം ക്ലിപ്തപ്പെടുത്താതെ പ്രളയമേഖലകളില്‍ നിന്നുള്ള എല്ലാ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നല്‍കിയിട്ടുണ്ട്.

പ്രളയക്കെടുതിയിൽ നിന്നും കര കേറാൻ കൂടുതൽ കേന്ദ്ര സഹായം വേണമെന്ന സർക്കാർ നിലപാടിനോട് പ്രതിപക്ഷവും യോജിക്കും. എന്നാൽ പ്രളയത്തിൻറെ കാരണങ്ങളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന നിലപാട് പ്രതിപക്ഷം നിയമസഭയിലും ആവർത്തിക്കും.

ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണ് പ്രളയം രൂക്ഷമാക്കിയതെന്ന പ്രതിപക്ഷ വിമര്‍ശനത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടായേക്കും.പ്രളയം സംബന്ധിച്ച് ചട്ടം 130 പ്രകാരമുള്ള ഉപക്ഷേപം മുഖ്യമന്ത്രി അവതരിപ്പിക്കും. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും തുടര്‍ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി വിശദീകരിക്കും. പാര്‍ട്ടികള്‍ നിശ്ചയിക്കുന്ന അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. ചര്‍ച്ചക്ക് ശേഷം ചട്ടം 275 അനുസരിച്ചുള്ള പ്രമേയവും സഭ പാസാക്കും.

© 2023 Live Kerala News. All Rights Reserved.