ലക്‌നോ: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തോടു കേന്ദ്ര സര്‍ക്കാരിനു ചിറ്റമ്മനയമാണെന്നു ബിഎസ്പി അധ്യക്ഷ മായാവതി.
കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും, ജിഎസ്ടിയില്‍ സെസ് ചുമത്താനുള്ള അനുവാദം കേരളത്തിനു നല്കണമെന്നും മായാവതി ആവശ്യപ്പെട്ടു.
നേരത്തെ, കേരളത്തിന്റെ പ്രതിസന്ധിയില്‍ മത്സ്യത്തൊഴിലാളികള്‍ ധീരതയോടെ പ്രവര്‍ത്തിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. 3000പേര്‍ 70,000 ജീവനുകള്‍ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.
ഓഖി ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. സ്വന്തം വിഷമങ്ങള്‍ക്കിടയിലാണ് പ്രളയ മേഖലകളിലേക്ക് മത്സ്യത്തൊഴിലാളികള്‍ എത്തിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്റ്റ് ഗാര്‍ഡ് ഉപയോഗപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുപിഎ അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും. ദൈവത്തിന്റെ സ്വന്തം സൈന്യത്തിന് അവരുടെ മന്ത്രാലയം ഉണ്ടായിരിക്കുമെന്നും രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു.
പ്രളയദുരന്തബാധിതരെ സന്ദര്‍ശിക്കാനായി കേരളത്തിലെത്തിയതാണ് രാഹുല്‍ ഗാന്ധി. ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെ തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ ഇന്നും നാളെയും കേരളത്തിലുണ്ടാവും. രാവിലെ ചെങ്ങന്നൂരിലെത്തുന്ന രാഹുല്‍ അവിടെയുള്ള ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം ആലപ്പുഴയിലെ ക്യാംപുകളിലും സന്ദര്‍ശനം നടത്തുകയായിരുന്നു.
ഇതിനിടെ രോഗിയായ സ്ത്രീയെ ആശുപത്രിലേക്ക് കൊണ്ടു പോകാനെത്തിയ എയര്‍ ആംബുലന്‍സിനായി തന്റെ യാത്ര രാഹുല്‍ ഗാന്ധി വൈകിപ്പിക്കുകയും ചെയ്തിരുന്നു. ചെങ്ങന്നൂരിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചശേഷം രാഹുല്‍ തിരികെ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലെത്തിയപ്പോള്‍ അവിടെ ഒരു എയര്‍ ആംബുലന്‍സ് എത്തിയിരുന്നു.
രോഗിയായ സ്ത്രീയെ കോട്ടയത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള തയാറെടുപ്പിലായിരുന്നു അവര്‍. വിവരമറിഞ്ഞ രാഹുല്‍ എയര്‍ ആംബുലന്‍സ് പോയ ശേഷം മതി തന്റെ യാത്രയെന്നു നിര്‍ദേശിച്ച് കോപ്പ്റ്ററിനു സമീപം കാത്തു നിന്നു. പിന്നീട് എയര്‍ ആംബുലന്‍സ് പുറപ്പെട്ട ശേഷമാണു അദ്ദേഹം ആലപ്പുഴയിലേക്കു യാത്ര തിരിച്ചത്.