പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസം രാഹുൽ പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദർശനം നടത്തും. രാവിലെ 8.15ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 10.15ന് ഹെലികോപ്റ്ററില്‍ ചെങ്ങന്നൂര്‍ക്ക് പോകും.
ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദര്‍ശിച്ച ശേഷം ആലപ്പുഴയിലെത്തും. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി നിര്‍മ്മിച്ച് നല്‍കുന്ന 1000 വീടുകളില്‍ 20 എണ്ണം നിര്‍മ്മിക്കുന്നതിനുള്ള തുക രാഹുല്‍ ഗാന്ധി ഈ ചടങ്ങില്‍ വച്ച് കൈമാറും.
ആലപ്പുഴയില്‍ വിശ്രമത്തിന് ശേഷം 3.30ന് കൊച്ചിയില്‍ എത്തും. വൈകിട്ട് ആലുവ, ചാലക്കുടി, എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദശിക്കും. എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് ഇന്ന് തങ്ങുക. നാളെ രാവിലെ കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ വയനാട്ടിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകിട്ട് ദില്ലിക്ക് മടങ്ങും.