തിരുവനന്തപുരം: പ്രളയത്തിൽ പിടഞ്ഞ് മരണത്തെ മുഖാമുഖം കണ്ട ആയിരങ്ങളുടെ ജീവൻ രക്ഷിച്ച സൈനികർ കേരളത്തോട് വിടപറഞ്ഞു.
രക്ഷാദൗത്യത്തിൽ പങ്കെടുത്ത വിവിധ സേനാ വിഭാഗങ്ങൾക്ക് കേരളം നൽകിയ ആദരവ് ഏറ്റുവാങ്ങിയാണ് സൈന്യത്തിന്റെ മടക്കയാത്ര.
ശംഖുമുഖം എയർ ഫോഴ്സ് സ്റ്റേഷനിൽ സംസ്ഥാന സർക്കാർ നൽകിയ സ്വീകരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
രക്ഷാപ്രവർത്തനത്തിനെത്തിയ മുഴുവൻ സേനാംഗങ്ങളോടുള്ള നന്ദിയും കടപ്പാടും കേരളം എന്നും മനസ്സിൽ സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ക്ഷിണ വ്യോമസേന എയർ ഓഫീസർ ഇൻ ചാർജ് എയർ മാർഷൽ ബി.സുരേഷ്, ദക്ഷിണ നേവൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആർ.ജെ.നഡ് കർണി, ഇന്ത്യൻ ആർമി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സി.ജി.അരുൺ, എൻ.ഡി.ആർ.എഫ് സീനിയർ കമാൻഡന്റ് രേഖ നമ്പ്യാർ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡി.ഐ.ജി സനാതൻ ജെന, സി.ആർ.പി.എഫ്. ഐ.ജി ഗിരിപ്രസാദ്, ബി.എസ്.എഫ് ഡി.ഐ.ജി ബി.സി നായർ, ഐ.ടി.ബി.എഫ് കമാൻഡന്റ് വിശാൽ ആനന്ദ്, തുടങ്ങി വിവിധ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയിൽ നിന്നും പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി.
തങ്ങൾക്ക് അപൂർവമായ ആദരവാണ് ലഭിച്ചതെന്ന് എല്ലാ സേനാ വിഭാഗങ്ങൾക്കും വേണ്ടി മറുപടി പ്രസംഗം നടത്തിയ വ്യോമസേന എയർ ഓഫീസർ ഇൻ ചാർജ് എയർ മാർഷൽ ബി. സുരേഷ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മത്സ്യതൊഴിലാളികൾ അടക്കമുള്ളവരെയും അദ്ദേഹം നന്ദിയോടെ സ്മരിച്ചു.മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.