പ്രമുഖ മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാർ അന്തരിച്ചു

പ്രമുഖ മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാർ അന്തരിച്ചു. ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു മരണം. 95 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഡൽഹി ലോധി റോഡ് ശ്‌മശാനത്തിൽ നടക്കും .

നയതന്ത്ര വിദഗ്ദ്ധൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനാണ് കുൽദീപ് നയ്യാർ. ബ്രിട്ടനിലെ ഇന്ത്യൻ ഹൈകമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1996ല്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധിയുമായിരുന്നു നയ്യാർ. 1997 ആഗസ്റ്റില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

‘അന്‍ജാം’ എന്ന ഉര്‍ദു പത്രത്തിലായിരുന്നു കുൽദീപ് നയ്യാറിന്റെ പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് അമേരിക്കയിലെ ഇല്യൂനോവിലെ മെഡില്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദമെടുത്തു. .

അടിയന്തരാവസ്ഥക്കാലത്തെ നയ്യാറിന്റെ ഇന്ത്യന്‍ എക്‌സ്പ്രസിലെ ഭരണകൂടവിരുദ്ധ റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തെ പ്രശസ്തനാക്കി. ഇക്കാരണത്താല്‍ അദ്ദേഹത്തിന് അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിക്കേണ്ടതായും വന്നിട്ടുണ്ട്.

അവിഭക്ത ഇന്ത്യയിലെ സിയാല്‍കോട്ടില്‍ ഒരു സിഖ് ഖത്രി കുടുംബത്തിലാണ് നയ്യാറിന്റെ ജനനം. അച്ഛന്‍ ഗുര്‍ബക്ഷ് സിംഗ്. അമ്മ പൂനം ദേവി.

© 2024 Live Kerala News. All Rights Reserved.