കുടകിലും കനത്ത മഴയില്‍ വന്‍ നാശം : കെട്ടിടങ്ങള്‍ നിലംപൊത്തി

കൂര്‍ഗ്: നൂറ്റാണ്ടിലെ ഏറ്റവും വലിയ ജലപ്രളയത്തിന് കേരളം സാക്ഷിയായപ്പോള്‍ അയല്‍പ്രദേശമായ കുടകിലും മഴക്കെടുതി. നിരവധി കെട്ടിടങ്ങളാണ് മഴമൂലം നിലം പൊത്തിയത്. പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും ഉണ്ടായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മടിക്കേരി-ബെംഗളൂരു റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു.

കര്‍ണാടകയിലെ കുടക് ഉള്‍പ്പെടെ ആറ് ജില്ലകളിലായി വ്യാപക നാശനഷ് ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്‌. മടിക്കേരിയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായിട്ടുള്ളത്‌.

കുടകിന്റെ സാമ്പത്തിക അടിത്തറയായ കാപ്പി, സുഗന്ധ വ്യഞ്ജന കൃഷിയേയും ടൂറിസം മേഖലയെയും പ്രളയക്കെടുതി കാര്യമായി ബാധിച്ചിട്ടുണ്ട്. കുടകിലെ അവസ്ഥയുടെ ഭീകരത വ്യക്തമാക്കുന്ന തരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ടുനില കെട്ടിടം ഒന്നാകെ താഴേക്കിരുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മേഖലയിലെ പല വീടുകളും കെട്ടിടങ്ങളും സമാനമായ അവസ്ഥയെ അഭിമൂഖീകരിക്കേണ്ടിവരുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

അതേസമയം മേഖലയില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മടിക്കേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കുടുങ്ങിപ്പോയ സിഎജി രാജീവ് മെഹ്‌റിഷിയെയും കുടുംബത്തെയും സൈന്യം രക്ഷപ്പെടുത്തി. റിസോര്‍ട്ടിലേക്കുള്ള വഴികള്‍ മുഴുവന്‍ മണ്ണിടിഞ്ഞ് തടസപ്പെട്ടതിനെ തുടര്‍ന്നാണ് സൈന്യം രക്ഷപപ്പെടുത്താനെത്തിയത്.

ദിവസങ്ങളായി ശക്തമായ മഴയാണ് കുടകിലും അനുഭവപ്പെട്ടത്. നിലവില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. കേരളത്തില്‍ പ്രളയത്തിന് കാരണമായ ഒഡീഷ തീരത്തെ ന്യൂനമര്‍ദ്ദമാണ് കുടകിലും ദുരിതം വിതച്ചത്. മേഖലയിലാകെ അഞ്ഞൂറിലധികം ആളുകള്‍ പലയിടത്തായി ഒറ്റപ്പെട്ടുകിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

© 2024 Live Kerala News. All Rights Reserved.