രക്ഷാദൗത്യം ഇന്നും തുടരും; മുഴുവൻ ആളുകളെയും ഇന്ന് രക്ഷപ്പെടുത്താൻ സാധിക്കുമെന്ന് പ്രതീക്ഷ

പ്രളയത്തിൽ അകപ്പെട്ട് കുടുങ്ങിക്കിടക്കുന്ന മുഴുവൻ ആളുകളെയും ഇന്ന് രക്ഷപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ രക്ഷാപ്രവർത്തനം ഇന്നും തുടരും. തുടർച്ചയായ ആറാം ദിവസമായാണ് കേരളം ഒന്നടക്കം രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നത്. ചെങ്ങന്നൂരില്‍ രക്ഷാദൗത്യത്തിന് ചെറുവള്ളങ്ങള്‍ ഇന്ന് രംഗത്തിറങ്ങും. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും തുടരും. മഴയുടെ അളവില്‍ കുറവ് വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന അറിയിപ്പ്.

പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ വൈകിട്ട് സര്‍വ്വകക്ഷിയോഗം ചേരും. രക്ഷാദൗത്യം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്‌ച്ച അറിയിച്ചിരുന്നു‍. രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് പുനരധിവാസ പ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിന് പ്രാദേശിക സഹായം ഉറപ്പാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്താകെ എട്ടര ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. കൂടുതല്‍ വസ്ത്രവും മരുന്നുകളുമാണ് ക്യാമ്പുകളില്‍ ആവശ്യം.

ട്രെയിന്‍ ഗതാഗതം ഇന്ന് മുതല്‍ കൂടുതല്‍ കാര്യക്ഷമമാകും. ഷൊര്‍ണ്ണൂര്‍- തൃശൂര്‍ റൂട്ടില്‍ രാവിലെ പത്ത് മണി മുതല്‍ ഭാഗികമായി ട്രെയിന്‍ സര്‍വ്വീസ് നടത്തും. നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് ചെറുവിമാനങ്ങളുടെ സര്‍വ്വീസ് ഉണ്ടാകും.

© 2024 Live Kerala News. All Rights Reserved.