യാക്കൂബ് മേമന്‍ രാഷ്ട്രപതിക്ക് വീണ്ടും ദയാഹര്‍ജി നല്‍കി

 

ന്യൂഡല്‍ഹി: വധശിക്ഷ നടപ്പാക്കുന്നതിനെതരെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി യാക്കൂബ് മേമന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് വീണ്ടും ദയാഹര്‍ജി നല്‍കി. മേമന്റെ സഹോദരന്‍ നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. വധശിക്ഷ നാളെ നടപ്പാക്കുവാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കുന്നതിനിടെയാണ് യാക്കൂബിന്റെ പുതിയ നീക്കം.

നാളെ വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് യാക്കൂബ് മേമന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി വരാനിരിക്കെയാണ് രാഷ്ട്രപതിക്ക് വീണ്ടും ദയാഹര്‍ജി നല്‍കിയത്.

സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് യാക്കൂബിന്റെ ഹര്‍ജി പരിഗണിക്കുന്നത്. കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ചിലെ ജഡ്ജിമാരായ അനില്‍ ആര്‍.ദവെയും കുര്യന്‍ ജോസഫും ഭിന്ന നിലപാടെടുത്തതിനാലാണിത്. ജഡ്ജിമാരായ ദീപക് മിശ്ര, പ്രഫുല്ല ചന്ദ്ര പാന്ത്, അമിതാവ റോയി എന്നിവരുടെ ബെഞ്ചാണ് ഇന്നു കേസ് പരിഗണിക്കുക.

എന്നാല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയാലും ഡോ. കലാമിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണം നിലനില്‍ക്കുന്നതിനാല്‍ വധശിക്ഷ നാളെ നടപ്പാക്കാന്‍ സാധ്യതയില്ല.

1993 മാര്‍ച്ച് 12നു മുംബൈ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 257 പേരാണു മരിച്ചത്. 713 പേര്‍ക്കു പരുക്കേറ്റു, 27 കോടി രൂപ വസ്തുവകകള്‍ നശിച്ചു. ദാവൂദ് ഇബ്രാഹിം, ടൈഗര്‍ മേമന്‍, യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്‍ എന്നിവര്‍ മുഖ്യസൂത്രധാരന്‍മാരെന്നു കണ്ടെത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.