ഔദ്യോഗിക വാഹനം ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ കത്ത്

 

പുണെ: നഗരത്തിനു പുറത്തേക്കു യാത്രചെയ്യാന്‍ ഔദ്യോഗിക വാഹനം അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ കത്ത്. തനിക്കു മാത്രമല്ല, തന്നെ അനുഗമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും വാഹനം അനുവദിക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെടുന്നു. വാഹനം അനുവദിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും കത്തിലൂടെ പ്രതിഭാ പാട്ടീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ആവശ്യം മഹാരാഷ്ട്ര സര്‍ക്കാര്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കാര്‍ അനുവദിക്കുന്നതു സംബന്ധിച്ച് നിരവധി എഴുത്തുകള്‍ പാട്ടീലിന്റെ ഓഫിസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തമ്മിലും നടന്നുകഴിഞ്ഞു. ജൂലൈ മൂന്നിനാണ് പാട്ടീലിന്റെ ഓഫിസില്‍ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അവസാനമായി കത്തെഴുത്തിയത്.

അതേസമയം, പാട്ടീലിന് ഔദ്യോഗിക വാഹനം അനുവദിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് വിലയിരുത്തല്‍. പ്രതിഭാ പാട്ടീല്‍ നിലവില്‍ ഉപയോഗിക്കുന്ന സ്വകാര്യ വാഹനത്തിന് സര്‍ക്കാരില്‍ നിന്ന് ഇന്ധന അലവന്‍സ് കൈപ്പറ്റുന്നുണ്ട്. സ്വകാര്യ വാഹനം ഉപയോഗിക്കുകയും അതിനു അലവന്‍സ് വാങ്ങിക്കുകയും ചെയ്യുന്നതിനാല്‍ മറ്റൊരു കാര്‍ അനുവദിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

അതേസമയം, പാട്ടീലിന്റെ പ്രൈവറ്റ് സെക്രട്ടറി ജി.കെ.ദാസ് ഇക്കാര്യത്തെക്കുറിച്ചു പ്രതികരിക്കാന്‍ വിസ്സമ്മതിച്ചു. മാധ്യമങ്ങളുമായി സംസാരിക്കാന്‍ അനുവാദമില്ലെന്നാണ് ദാസ് അറിയിച്ചത്.

നിയമമനുസരിച്ച് മുന്‍ രാഷ്ട്രപതിക്ക് സൗജന്യമായി ഒരു കാറും അതിനാവശ്യമായ അലവന്‍സുകളും മാത്രമേ ലഭിക്കൂ. ആരെങ്കിലും സ്വന്തം വാഹനം ഉപയോഗിക്കുകയാണെങ്കില്‍ 250 ലീറ്ററിന്റെ തുകയും സര്‍ക്കാര്‍ സ്‌കെയിലില്‍ ഡ്രൈവറുടെ ശമ്പളവും അലവന്‍സായി നല്‍കും.

അതേസമയം, നിയമമനുസരിച്ച് നടപടികളെടുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.