സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ; 60 കിലോമീറ്റര്‍ ശക്തിയില്‍ കാറ്റടിക്കാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാന്‍ ഇടയുണ്ടെന്നും അറിയിപ്പുണ്ട്‌.

മാത്രമല്ല, മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ശക്തിയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

മഴ കുറയാത്തതിനാല്‍ നീരൊഴുക്കും ശക്തമായതിനാല്‍ അണക്കെട്ടുകളെല്ലാം തുറന്നനിലയില്‍ തന്നെയാണ്.

അതേസമയം, മലപ്പുറത്ത് നിലമ്പൂരില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. അകമ്പാടം നമ്പൂരിപ്പെട്ടിലാണ് ഉരുള്‍ പൊട്ടലുണ്ടായത്. മണ്ണിടിച്ചിലിനും, ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ഈ പ്രദേശത്തു നിന്നും നേരത്തെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.

കൂടാതെ കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ബംഗാള്‍, സിക്കിം, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ്.

© 2024 Live Kerala News. All Rights Reserved.