ചോദ്യം ചെയ്യൽ അവസാനിച്ചു ; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടൻ അറസ്റ്റ് ചെയ്യില്ല

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് സൂചന. ബലാല്‍സംഗപരാതിയിൽ ഒൻപത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണ സംഘം മടങ്ങി. പീഡനപരാതിയിൽ പറയുന്ന തീയതിയിൽ കുറവിലങ്ങാട്ടെത്തിയില്ലെന്ന വാദത്തിൽ ബിഷപ്പ് ഉറച്ചു നിന്ന് സാഹചര്യത്തിലാണിത്. എന്നാല്‍ അവശ്യമെങ്കില്‍ വീണ്ടും ബിഷപ്പ് ഹൗസിലെത്തി ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

ബിഷപ്പ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് അന്വേഷണസംഘം അറിയിച്ചു. മൊഴികള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ അറസ്റ്റ് ഉണ്ടാകൂ. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചെന്നും അന്വേഷണസംഘം വ്യക്തമാക്കി. അതേസമയം ബിഷപ്പിന്റെ മൊബൈല്‍ അന്വേഷണസംഘം പിടിച്ചെടുത്തു. ഫോറന്‍സിക് പരിശോധന കേരളത്തിലെത്തിയതിന് ശേഷം മാത്രമേ ഉണ്ടാകൂ. അന്വേഷണസംഘം ഇന്നോ നാളെയോ കേരളത്തിലേക്ക് മടങ്ങും.

ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ബിഷപ്പ് ഹൗസില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഉച്ചയ്ക്ക് മൂന്നേകാലിന് എത്തിയ അന്വേഷണ സംഘം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനായി രാത്രി എട്ടു മണിവരെ കാത്തിരുന്നു.ബിഷപ്പിനെ ചോദ്യംചെയ്യാതെ തിരിച്ചുപോകില്ലെന്ന് കേരള സംഘം നിലപാടെടുത്തപ്പോള്‍ പഞ്ചാബ് പൊലീസ് കൂട്ടിക്കൊണ്ടുവന്നെന്നാണ് അറിയുന്നത്. പിന്നീട് രാത്രി എട്ടു മണി മുതൽ പുലര്‍ച്ചെ അഞ്ചു വരെ ചോദ്യം ചെയ്യൽ നീണ്ടു. ബലാല്‍സംഗത്തിന് ഇരയായെന്ന കന്യാസ്ത്രീ പരാതിപ്പെട്ട ആദ്യ തീയതിയിൽ പോലും കുറവിലങ്ങാട് മഠത്തിൽ എത്തിയിട്ടില്ലെന്ന വാദത്തിൽ ചോദ്യം ചെയ്യലിൽ ഉടനീളം ബിഷപ്പ് ഉറച്ചു നിന്നു.

ഇന്നലെ ഉച്ചതിരിഞ്ഞ് ബിഷപ്പ് ഹൗസിൽ ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഈ സമയം ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് ഹൗസിൽ ഇല്ലായിരുന്നു. ഇതോടെ ബിഷപ്പിനെ ചോദ്യം ചെയ്യുന്നുവെന്ന കേരള പൊലീസിന്റെ വാദം പൊളിഞ്ഞു. ഫ്രാങ്കോ മുളയ്ക്കൽ രാത്രി 7.15ന് മാത്രമാണ് ബിഷപ്പ് ഹൗസിലെത്തിയത്. ഫ്രാങ്കോ മുളയ്ക്കലിന്‍റെ വാഹനമെത്തിയപ്പോൾ നാടകീയ രംഗങ്ങള്‍ ബിഷപ്പ് ഹൗസിൽ അരങ്ങേറി.

ബിഷപ്പ് ഹൗസിനു മുന്നില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ നിന്ന മാധ്യമ പ്രവര്‍ത്തകരെ ബിഷപ്പ് ഹൗസ് സുരക്ഷാ ജീവനക്കാരും വിശ്വാസികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ക്യാമറ നശിപ്പിക്കുകയും ഗേറ്റിനുള്ളില്‍ പൂട്ടിയിടുകയും ചെയ്തു. ബിഷപ്പ് കാറില്‍ വരുന്നത് ചാനല്‍ ക്യാമറാമാന്‍മാര്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമാസക്തരായി. ഇതെല്ലാം നടക്കുമ്പോൾ പഞ്ചാബ് പൊലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായ സമയത്ത് പൊലീസ് ഇടപെട്ടില്ല.

കന്യാസ്ത്രീകള്‍, വൈദികര്‍ എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസങ്ങളിലെടുത്ത വൈക്കം ഡിവൈ.എസ്.പി കെ. സുബാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്തത്. മൊഴിയെടുപ്പിനിടെ ചില വൈദികര്‍ ബിഷപ്പിനെതിരെ പൊലീസിനോട് സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചോദ്യം ചെയ്യാനെത്തിയത്.

© 2024 Live Kerala News. All Rights Reserved.